ഫഹദ് ഫാസില്‍ കളം മാറ്റുന്നു, ഇനി സത്യന്‍ അന്തിക്കാട് ചിത്രം!

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2013 (20:10 IST)
PRO
ന്യൂജനറേഷന്‍ സിനിമയുടെ മുഖമായ ഫഹദ് ഫാസില്‍ കരിയറില്‍ വലിയ മാറ്റത്തിന് തയ്യാറാകുന്നു. ആന്‍ഡ്രിയയുമായുള്ള പ്രണയം വെളിപ്പെടുത്തി ഏവരെയും ഞെട്ടിച്ചതിന് പിന്നാലെ മറ്റൊരു വിവരം കൂടി ഫഹദ് പുറത്തുവിടുന്നു: സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ ഫഹദാണ് നായകന്‍!

കുടുംബചിത്രങ്ങളുടെ സംവിധായകനായ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ സിനിമയിലാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്നത്. ‘പുതിയ തീരങ്ങള്‍’ എന്ന സിനിമയുടെ കനത്ത പരാജയത്തിന് ശേഷം സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച തൃശൂരിലെ സത്യന്‍ അന്തിക്കാടിന്‍റെ വീട്ടില്‍ ഫഹദ് ഫാസില്‍ എത്തി അന്തിമവട്ട ചര്‍ച്ച നടത്തി. മേയ് അവസാനം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

സ്വന്തമായി തിരക്കഥയെഴുതിയ ചില സിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് സത്യന്‍ അന്തിക്കാട് കഴിഞ്ഞ ചിത്രത്തില്‍ ബെന്നി പി നായരമ്പലത്തിന്‍റെ രചന സ്വീകരിച്ചത്. എന്നാല്‍ അതും വിജയമായില്ല. എന്തായാലും ഫഹദ് ഫാസിലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഡയമണ്ട് നെക്ലേസിന്‍റെ തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറത്തെ കൂട്ടുപിടിച്ച് ഒരു ഹിറ്റ് സൃഷ്ടിക്കാനാണ് സത്യന്‍ അന്തിക്കാടിന്‍റെ ശ്രമം.

ന്യൂജനറേഷന്‍ സംവിധായകരോടൊപ്പം സഞ്ചരിച്ചിരുന്ന ഫഹദ് ഫാസില്‍ സാവധാനം സീനിയര്‍ സംവിധായകരിലേക്കെത്തുകയാണ്. ജോഷിയും പ്രിയദര്‍ശനും ഷാജി കൈലാസും രഞ്ജിത്തുമൊക്കെ ഫഹദിനെ നായകനാക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം.