2012 ല്‍ മോഹന്‍ലാല്‍ കൂടുതല്‍ ചിത്രങ്ങളിലും ആക്ഷന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഗ്രാന്‍റ്മാസ്റ്റര്‍, റണ്‍ ബേബി റണ്‍, കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ ആക്ഷന്‍ ത്രില്ലറുകളായിരുന്നു. ഈ വര്‍ഷം ആദ്യം ചെയ്ത ലോക്പാലും ആക്ഷന്‍ ത്രില്ലര്‍ തന്നെ.
എന്നാല്‍ 2013ല്‍ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് മോഹന്‍ലാല്‍ ആലോചിക്കുന്നത്. താന്‍ മിന്നിത്തിളങ്ങുന്ന തട്ടകമായ കോമഡിയിലേക്ക് താരം മടങ്ങിപ്പോകാനൊരുങ്ങുകയാണ്. അതിന്‍റെ തുടക്കമാണ് സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’.
അതിന് ശേഷം ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറുമുതല്‍ അറുപതുവരെ’യും പൂര്‍ണമായും ഒരു കോമഡിച്ചിത്രമാണ്. ‘മൈ ഫാമിലി’ എന്ന ജീത്തു ജോസഫ് ചിത്രവും കോമഡി തന്നെ.
പുതിയ വാര്‍ത്ത, ‘പെരുച്ചാഴി’ എന്നൊരു സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ്. സംഗതി തമാശച്ചിത്രം തന്നെ. ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ അരുണ്‍ വൈദ്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“അമേരിക്കയിലാണ് പെരുച്ചാഴിയുടെ ചിത്രീകരണം. ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങും. പ്രീ പ്രൊഡക്ഷന്‍ ജോലികളും വിസാ ഫോര്‍മാലിറ്റികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഞാന്‍ മോഹന്‍ലാലിന്‍റെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹത്തിന് പെരുച്ചാഴിയിലെ കഥാപാത്രം പൂര്‍ണമായും ഇണങ്ങുന്നതാണ്” - വ്യത്യസ്തമായ പ്രമേയമാണ് ഈ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ആകര്‍ഷിച്ചതെന്നും അരുണ്‍ വൈദ്യനാഥന്‍ പറയുന്നു. ഒരു അമേരിക്കന്‍ നടിയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത്.