പത്‌മപ്രിയ ബാര്‍ മുതലാളി!

Webdunia
ശനി, 28 മാര്‍ച്ച് 2009 (16:59 IST)
PROPRO
പത്‌മപ്രിയ ബാര്‍ മുതലാളിയാകുന്നു. മോഹന്‍‌ലാലും മമ്മൂട്ടിയുമൊക്കെ പല പല ബിസിനസുകള്‍ ചെയ്യുന്നവരാണെന്നറിയാം. നയന്‍‌താര ഹോട്ടല്‍ തുടങ്ങാന്‍ പോകുന്നു എന്നു കേട്ടിരുന്നു. അതുപോലെയാണോ ഇത് എന്നു ചിന്തിക്കാന്‍ വരട്ടെ. സ്ട്രൈക്കര്‍ എന്ന ഹിന്ദി ചിത്രത്തില്‍ പത്‌മപ്രിയ ബാര്‍ ഉടമയായാണ് അഭിനയിക്കുന്നത് എന്നാണ് പറഞ്ഞുവന്നത്.

മുമ്പ് ബോളിവുഡ് താരം തബു ചാന്ദ്‌നി ബാര്‍ എന്ന സിനിമയില്‍ ബാര്‍ നര്‍ത്തകിയായി വേഷമിട്ടിരുന്നു. സമാനമാ‍യ വേഷങ്ങളില്‍ കൊങ്കണ സെന്‍ ശര്‍മയും അഭിനയിച്ചിട്ടുണ്ട്. അതുപോലെ കരുത്തുറ്റ കഥാപാത്രത്തെയായിരിക്കും ചന്ദന്‍ അറോറ സംവിധാനം ചെയ്യുന്ന സ്ട്രൈക്കറില്‍ പത്‌മപ്രിയയ്ക്കും ചെയ്യാനുണ്ടാവുക എന്നാണ് അറിയുന്നത്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റം തന്നെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയായതില്‍ സന്തോഷവതിയാണ് പത്‌മപ്രിയ.

“തൊണ്ണൂറുകളിലെ മുംബൈയാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്. തമിഴ് - തെലുങ്ക് നടന്‍ സിദ്ധാര്‍ത്ഥാണ് ചിത്രത്തിലെ നായകന്‍. സിദ്ധാര്‍ത്ഥ് ഒരു കാരം സ്ട്രൈക്കറായാണ് വേഷമിടുന്നത്. ഞാന്‍ ഒരു ബാര്‍ ഉടമയായി അഭിനയിക്കുന്നു” - പത്‌മപ്രിയ വ്യക്തമാക്കുന്നു.

2008 ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ ചില സാങ്കേതിക കാരണങ്ങളാണ് ഇത്രയും വൈകിയത്. അനുപം‌ ഖേര്‍, സീമാ ബിശ്വാസ്, വിദ്യാ മാല്‍‌വദെ, ആദിത്യ പഞ്ചോളി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മേം മാധുരി ദീക്ഷിത് ബനാ ചാഹ്‌തി ഹൂം, മേം മേരി പത്‌നി ഓര്‍ വോ എന്നീ സിനിമകള്‍ക്ക് ശേഷം ചന്ദന്‍ അറോറ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്ടൈക്കറിന്‍റെ നിര്‍മാണവും സംവിധായകന്‍ തന്നെയാണ്.

പത്‌മപ്രിയയുടെ ഇരുപത്തഞ്ചാം ചിത്രമെന്ന പ്രത്യേകതയും സ്ട്രൈക്കറിനുണ്ട്.