നയന്‍‌സ് ഗര്‍ഭിണിയല്ല, കണ്ടിട്ട് അഭിപ്രായം പറയൂ!

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (15:46 IST)
PRO
വിദ്യാ ബാലന്‍ എന്ന നടിക്ക് ബോളിവുഡില്‍ സൂപ്പര്‍താര പദവി നല്‍കിയ സിനിമകളാണ് ഡേര്‍ട്ടി പിക്ചര്‍, കഹാനി, നോ വണ്‍ കില്‍ഡ് ജസീക്ക എന്നിവ. ഇതില്‍ ഏറ്റവും മികച്ചത് കഹാനി തന്നെ. സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് മലയാളിയായ സുരേഷ് നായര്‍.

ഗര്‍ഭിണിയായ നായിക തന്‍റെ കാണാതായ ഭര്‍ത്താവിനെ തിരഞ്ഞ് അപരിചിത നഗരത്തിലെത്തുന്നതായിരുന്നു കഹാനിയുടെ കഥ. ഗര്‍ഭിണിയായ നായികയായി ഗംഭീര പ്രകടനമാണ് വിദ്യാബാലന്‍ കാഴ്ചവച്ചത്. ഈ സിനിമയുടേ റീമേക്ക് വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ചിത്രത്തിന്‍റെ തമിഴ് - തെലുങ്ക് റീമേക്കില്‍ വിദ്യാബാലന് പകരം നയന്‍‌താരയാണ് നായികയാകുന്നത്.

ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിന് ‘അനാമിക’ എന്നാണ് പേര്. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ കഥയ്ക്ക് ‘കഹാനി’യില്‍ നിന്ന് കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിദ്യാ ബാലന്‍ അവതരിപ്പിച്ച നായികയെപ്പോലെ നയന്‍‌താരയുടെ നായികാ കഥാപാത്രം ഗര്‍ഭിണിയല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഗര്‍ഭിണിയായ യുവതി തന്‍റെ ഭര്‍ത്താവിനെ അന്വേഷിച്ച് നടക്കുമ്പോഴുണ്ടാകുന്ന ഒരു ഇമോഷണല്‍ ഇം‌പാക്ട് നായിക ഗര്‍ഭിണിയല്ലെങ്കില്‍ ഉണ്ടാകുമോ എന്ന് സംശയിക്കുന്നവരോട് സംവിധായകന്‍ ശേഖര്‍ കമ്മൂലയ്ക്ക് വ്യക്തമായ മറുപടിയുണ്ട് - “സിനിമ റിലീസായ ശേഷം നിങ്ങള്‍ അഭിപ്രായം എന്നെ അറിയിക്കൂ...”.

വിജയ് സി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന അനാമികയുടെ സംഗീതം കീരവാണി. എന്തായാലും നയന്‍‌താരയെ ഗര്‍ഭിണി വേഷത്തില്‍ കാണാന്‍ ത്രാണിയില്ലാത്ത ആരാധകര്‍ക്ക് പുതിയ വാര്‍ത്ത ആവേശം പകരുന്നതാണ്.