ധനുഷിന്‍റെ പുതിയ സിനിമ ട്രെയിനില്‍, കഥ ചോര്‍ന്നു !

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (19:41 IST)
പ്രഭു സോളമന്‍ തമിഴിലെ മികച്ച സംവിധായകനാണ്. മൈന, കും‌കി, കയല്‍ എന്നീ ഗംഭീര സിനിമകളുടെ സംവിധായകന്‍. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ ധനുഷാണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. അതിനിടെ സിനിമയുടെ കഥ പൂര്‍ണമായും ചോര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
 
റെയില്‍‌വെയിലെ കാറ്ററിംഗ് യൂണിറ്റ് ജീവനക്കാരനായാണ് ഈ സിനിമയില്‍ ധനുഷ് അഭിനയിക്കുന്നതെന്നാണ് ചോര്‍ന്ന കഥയില്‍ നിന്ന് വ്യക്തമാകുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. ട്രെയിന്‍ യാത്രക്കാരിയായി മലയാളനടി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. കാറ്ററിംഗ് ജീവനക്കാരനും യാത്രക്കാരിയും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണത്രേ പ്രഭു സോളമന്‍ പുതിയ ചിത്രത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
 
പൂര്‍ണമായും ട്രെയിനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ പ്രഭു സോളമന്‍റെ സാധാരണ ശൈലിയായ ട്രാജഡിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കയലിലെ നായികയായിരുന്ന ആനന്ദിക്കും ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ലഭിച്ചിട്ടുണ്ടെന്നറിയുന്നു.
 
ചെന്നൈയിലെ ബിന്നി മില്‍‌സില്‍ ട്രെയിനിന്‍റെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ സിനിമ ആക്ഷനും ഏറെ പ്രാധാന്യം നല്‍കുന്നു. ഷാങ്‌ഹായ് നൂണ്‍, ബാറ്റ്മാന്‍ ബിഗിന്‍സ്, സ്കൈഫോള്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രൊജക്ടുകളില്‍ സ്റ്റണ്ട് കോറിയോഗ്രാഫി നിര്‍വഹിച്ച റോജര്‍ യുആന്‍ ആണ് ഈ ചിത്രത്തിനും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഓടുന്ന ട്രെയിനിലെ സ്റ്റണ്ട് രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. 
 
വെട്രിവേല്‍ മഹേന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഡി ഇമ്മാനാണ്.