ദിലീപ് പ്രണയത്തില്‍, ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും!

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (17:03 IST)
ദിലീപ് പ്രണയത്തിലാണ്. ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രണയത്തില്‍. ജനപ്രിയനായകന്‍റെ പുതിയ സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘ലവ് 24x7’ എന്നാണ് ചിത്രത്തിന്‍റെ പേര്. സംവിധാനം ചെയ്യുന്നത് ശ്രീബാല കെ മേനോന്‍.
 
'ജീവിതം ആവര്‍ത്തിക്കപ്പെടുന്നു' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ശ്രീബാല തന്നെ തിരക്കഥ രചിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് സ്വതന്ത്ര സംവിധാന സംരംഭത്തിന് ശ്രീബാല തുടക്കം കുറിക്കുന്നത്. ഒരു ചെറുകഥയാണ് ഈ ദിലീപ് ചിത്രത്തിന് ശ്രീബാല അവലംബമാക്കിയിരിക്കുന്നത്.
 
നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സുഹാസിനി, ശ്രീനിവാസന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശശികുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ദിലീപ് ഒരു മാധ്യമപ്രവര്‍ത്തകനായി വേഷമിടുന്ന ചിത്രം തിരുവനന്തപുരത്തും എറണാകുളത്തുമായി പൂര്‍ത്തിയാകും.