തിരക്കഥ ശരിയല്ല, ഫഹദ് പാകിസ്ഥാനിലേക്കില്ല!

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2013 (16:37 IST)
PRO
മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ബുദ്ധിപൂര്‍വം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ - ഫഹദ് ഫാസില്‍. താന്‍ ചെയ്യുന്ന എല്ലാ സിനിമകളും മികച്ച നിലവാരമുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവും ആകണമെന്ന് നിര്‍ബന്ധമുള്ള നടന്‍. ഒരു സംവിധായകന്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ തെരഞ്ഞെടുത്ത് സിനിമ ചെയ്യുന്നതുപോലെ തന്നെയാണ് ഫഹദ് തന്‍റെ സിനിമകളും തെരഞ്ഞെടുക്കുന്നത്. മലയാളം പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിയില്‍ ഒരു നടന് അത് എത്ര പ്രയാസമേറിയ കാര്യമാണ് എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഫഹദ് അത് വൃത്തിയായി ചെയ്യുന്നു. സെലക്ടീവാകുന്നതിന്‍റെ പേരില്‍ സിനിമ നഷ്ടപ്പെടുന്നെങ്കില്‍ നഷ്ടപ്പെടട്ടെ എന്ന നിലപാടാണ് ഫഹദിനുള്ളത്.

പുതിയ വാര്‍ത്ത, ‘അയ്യര്‍ ഇന്‍ പാകിസ്ഥാന്‍’ എന്ന സിനിമയില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്‍മാറിയിരിക്കുന്നു. തിരക്കഥ ശരിയല്ല എന്ന കാരണത്താലാണ് ഫഹദ് ഈ സിനിമ വേണ്ടെന്നുവച്ചത്. ചിത്രത്തിന്‍റെ ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞതിന് ശേഷമാണ് ഫഹദിന്‍റെ ഈ പിന്‍‌മാറ്റം.

ഫസല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഒരു അയ്യര്‍ കഥാപാത്രമായാണ് ഫഹദ് ഫാസില്‍ അഭിനയിക്കാനിരുന്നത്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി, സനുഷ എന്നിവരാണ് നായികമാര്‍. അരോമ മണിയാണ് നിര്‍മ്മാതാവ്.

കഥ മികച്ചതായിരുന്നെങ്കിലും തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ഫഹദ് ഫാസില്‍ പിന്‍‌മാറാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അരോമ മണിയുമായി ഫഹദ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിര്‍മ്മാതാവിന്‍റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാം എന്ന് ഫഹദ് അറിയിച്ചിരിക്കുകയാണ്.