തമന്ന ആരുടെ നായികയാവും? മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെയോ?

വ്യാഴം, 25 ഫെബ്രുവരി 2016 (16:38 IST)
തെന്നിന്ത്യന്‍ താരറാണി തമന്ന മലയാള ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. എന്നാല്‍ മലയാളികള്‍ക്കും അവര്‍ ഏറെ പ്രിയങ്കരിയാണ്. അടുത്തിടെ മലയാളത്തിലും റിലീസ് ചെയ്ത ബാഹുബലിയിലൂടെ ആ ഇഷ്ടം തമന്ന ഒന്നുകൂടി ഊട്ടിയുറപ്പിച്ചിട്ടുണ്ട്.
 
തമന്ന മലയാളത്തില്‍ അഭിനയിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? അങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് വിശ്വസിച്ച് നിരാശരായിരിക്കുന്ന ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യയുടെ തമ്മു റെഡി.
 
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ തമന്നയാണ് നായിക. ആ സിനിമയില്‍ നമ്മുടെ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. തനിക്ക് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ജോയ് മാത്യുവിനെയാണ് തമന്ന അറിയിച്ചത്.
 
മലയാളം ഒരു ചെറിയ ഇന്‍ഡസ്ട്രിയാണെന്നും തമന്നയുടെ പ്രതിഫലം താങ്ങാന്‍ മലയാളത്തിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജോയിമാത്യു അറിയിച്ചപ്പോള്‍ അതൊന്നും പ്രശ്നമല്ലെന്നായിരുന്നു തമ്മുവിന്‍റെ മറുപടി. കഥാപാത്രം നല്ലതാണെങ്കില്‍ പ്രതിഫലം വിഷയമല്ലെന്നാണ് തമന്ന അറിയിച്ചത്.
 
എന്തായാലും ഉടന്‍ തന്നെ തമന്ന മലയാളത്തില്‍ എത്തുമെന്ന് പ്രാതീക്ഷിക്കാം. അവര്‍ മമ്മൂട്ടിയുടെ നായികയായാണോ മോഹന്‍ലാലിന്‍റെ നായികയായാണോ മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക