വിക്രമും നയന്‍താരയും ഒന്നിക്കുന്നതായി നേരത്തേ മലയാളം വെബ്‌ദുനിയ വാര്‍ത്ത നല്‍കിയിരുന്നു. അത് ‘അരിമനമ്പി’ ഫെയിം ആനന്ദ് ശങ്കറിന്‍റെ സിനിമയ്ക്കുവേണ്ടിയായിരുന്നു. എന്നാല്‍ അതിനുമുമ്പു തന്നെ വിക്രം - നയന്‍സ് ടീം ക്യാമറയ്ക്ക് മുമ്പില്‍ ഒന്നിക്കും. സാക്ഷാല്‍ ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ ജോഡി എത്തുന്നത്.
വിക്രമും നയന്‍താരയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് ഗൌതം മേനോന്‍ പ്ലാന്‍ ചെയ്യുന്നത്. പ്രണയവും പ്രതികാരവും തന്നെയായിരിക്കും ഈ സിനിമയിലും ഗൌതം പറയാന്‍ പോകുന്നതെന്നാണ് വിവരം. ഹാരിസ് ജയരാജ് തന്നെ സംഗീതം നിര്‍വഹിക്കുന്ന സിനിമ പ്രണയരംഗങ്ങളാല്‍ സമൃദ്ധമായിരിക്കുമെന്നും ചെന്നൈയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
വിക്രമും നയന്‍താരയും ഈ പ്രൊജക്ടിന്‍റെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. വളരെ സ്റ്റൈലിഷായ വിക്രം - നയന്‍സ് ജോഡിയെ ഈ സിനിമയില്‍ കാണാമെന്ന് ഗൌതം ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
‘ഐ' മെഗാഹിറ്റായതോടെ വിക്രമിന് പിന്നാലെയാണ് ഇപ്പോള്‍ സംവിധായകരും നിര്‍മ്മാതാക്കളും. വമ്പന്‍ സിനിമകളുടെ നീണ്ട നിരയാണ് വിക്രമിനെ കാത്തിരിക്കുന്നത്. ഇതില്‍, വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത '10 എണ്‍റതുക്കുള്ളേ' പൂര്‍ത്തിയായിക്കഴിഞ്ഞു. ആനന്ദ് ശങ്കറിന്‍റെ പുതിയ ത്രില്ലറിലും വിക്രം - നയന്‍താര ജോഡി ആവര്‍ത്തിക്കും
നയന്‍താരയെയും വിക്രമിനെയും ജോഡിയാക്കി സംവിധായകന്‍ ഭൂപതിപാണ്ഡ്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ ആലോചിച്ചതാണ്. രാജവേഷം എന്നായിരുന്നു ആ പ്രൊജക്ടിന്‍റെ പേര്. എന്നാല്‍ ചില പ്രത്യേക കാരണത്താല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.