കൌതുകച്ചെപ്പ്‌ തുറന്ന് ‘ലോര്‍ഡ്‌ ലിവിങ്സ്‌റ്റണ്‍ 7000 കണ്ടി’ - മേക്കിംഗ്‌ പുസ്‌തകം !

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (16:12 IST)
പേരിലെ പുതുമപോലെ ലോര്‍ഡ്‌ ലിവിങ്സ്‌റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന്‌ പിന്നില്‍ കൌതുകമുണര്‍ത്തുന്ന നിരവധി വിശേഷങ്ങളും. ദേശീയപുരസ്‌കാര ജേതാവായ സംവിധായകന്‍ അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ സപ്‌തമശ്രീ തസ്‌ക്കരഃ എന്ന സൂപ്പര്‍ഹിറ്റിന് ശേഷമൊരുക്കുന്ന ചിത്രമെന്ന നിലയില്‍ ആദ്യമേ വാര്‍ത്തകളിലിടം പിടിച്ചിരുന്നു ലോര്‍ഡ്‌ ലിവിങ്സ്‌റ്റണ്‍ 7000 കണ്ടി. ചിത്രങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ പേരിടുന്ന അനില്‍ പുതിയ ചിത്രത്തിലും ആ പതിവ്‌ തെറ്റിക്കാതിരുന്നതാണ്‌ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ലോര്‍ഡ്‌ ലിവിങ്സ്‌റ്റണെ കൌതുകവര്‍ത്തമാനമാക്കിയത്‌.
 
സവിശേഷമായ നിരവധി ഘടകങ്ങള്‍ സമന്വയിക്കുന്നതാണ്‌ ചിത്രം എന്നതുകൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമയിലാദ്യമായി ചിത്രത്തിന്റെ മേക്കിംഗ് പുസ്‌തകരൂപത്തില്‍ പുറത്തിറക്കുകയാണ്‌ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ റിലീസിനൊപ്പം തന്നെ പുസ്‌തകവും പുറത്തിറങ്ങും. ആശയതലത്തില്‍നിന്നും തിരക്കഥയിലേക്കും അവിടെ നിന്നും സെല്ലുലോയ്‌ഡിലേക്കുമുള്ള ചിത്രത്തിന്റെ സര്‍ഗാത്മകവളര്‍ച്ചയും അതില്‍ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും വഹിച്ച പങ്കും വിശദമായിത്തന്നെ പ്രതിപാദിക്കുന്നതാവും പുസ്‌തകം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാറാണ്‌ പുസ്‌തകം രചിക്കുന്നത്‌. ഗ്രീന്‍ബുക്‌സ്‌ ആണ് പ്രസാധകര്‍.
 
സവിശേഷമായൊരു പ്രമേയമാണ്‌ ഈ സിനിമയുടേത്‌. നമ്മുടെ ജീവിതവുമായി ഏറ്റവുമടുത്തു നില്‍ക്കുന്നത്‌. വളരെ എളുപ്പത്തില്‍ ചിത്രീകരണം പൂര്‍ത്തിയാവുന്നൊരു ചിത്രമല്ല ലോര്‍ഡ്‌ ലിവിങ്സ്‌റ്റണ്‍. നിബിഢവനങ്ങളിലാണ്‌ ചിത്രത്തിന്റെ പ്രധാനഭാഗങ്ങളത്രയും ചിത്രീകരിക്കുന്നത്‌. അതുകൂടാതെ മലയാളസിനിമയുടെ പരിമിതികള്‍ ഭേദിക്കുന്ന തരത്തിലുള്ളൊരു സെറ്റ്‌ സിനിമയുടെ അവിഭാജ്യഘടകമാണ്‌. ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളൊരു സെറ്റാണ്‌ ചിത്രത്തിനായി കലാസംവിധായകന്‍ ജ്യോതിഷ്‌ ശങ്കര്‍ ഒരുക്കിയിരിക്കുന്നത്‌. ചിത്രത്തിനായി നിരവധി പഴയകാല ആയുധങ്ങളും സംഗീതോപകരണങ്ങളും ഗുഹകളുമൊക്കെ ജ്യോതിഷ്‌ ഒരുക്കിയിരിക്കുന്നു‌. കലാസംവിധാനത്തിനൊപ്പം ചമയത്തിലും വസ്‌ത്രാലങ്കാരത്തിലുമൊക്കെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാവുന്ന ചിത്രമാണിത്‌. 
 
റോണക്‌സ്‌ സേവ്യര്‍ ആണ്‌ മേക്കപ്പ്‌മാന്‍. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. അതോടൊപ്പം ഗ്രാഫിക്‌സിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്‌. ലൈഫ്‌ ഓഫ്‌ പൈ ഒരുക്കിയ ടീമാണ്‌ ലോര്‍ഡ്‌ ലിവിങ്സ്‌റ്റണായി ഗ്രാഫിക്‌സ്‌ ജോലികള്‍ ചെയ്യുന്നത്‌. ഇത്രയും ശ്രമകരമായി ഒരു ചിത്രമൊരുക്കുന്നതിനാല്‍ സിനിമാവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ഇതിന്‌ പുസ്‌തകരൂപം നല്‍കാന്‍ സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
 
ഈ ചിത്രം ഇത്തരമൊരു പുസ്‌തകം ആവശ്യപ്പെടുന്നു‌. സംവിധായകന്റെ മനസ്സിലെ സിനിമ എത്ര ശ്രമകരമായാണ്‌ സാക്ഷാത്കരിക്കപ്പെടുന്നതെന്നത്‌ ഈ പുസ്‌തകം വിശദമാക്കും. പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ പുസ്‌തകത്തിലുണ്ടാവും. സംവിധായകനുമായുള്ള ദീര്‍ഘമായ അഭിമുഖമാണ്‌ പുസ്‌തകത്തിന്റെ പ്രധാനഘടകങ്ങളിലൊന്ന്‌. ചിത്രത്തിന്‌ പിന്നിലെ സര്‍ഗാത്മവും അല്ലാത്തതുമായ അധ്വാനത്തെപ്പറ്റിയാണ്‌ സംവിധായകന്‍ സംസാരിക്കുക. മറ്റ്‌ പ്രധാന സാങ്കേതികപ്രവര്‍ത്തകരും അവരവരുടെ മേഖലകളില്‍നേരിടേണ്ടി വന്ന വെല്ലുവിളികളെപ്പറ്റി സംസാരിക്കും. ചിത്രങ്ങളും അനുബന്ധലേഖനങ്ങളും പുസ്‌തകത്തിന്റെ ഭാഗമായിരിക്കും - അരുണ്‍കുമാര്‍ വിശദമാക്കുന്നു.
 
ഇടുക്കി - നെടുങ്കണ്ടം മേഖലയിലെ കാടുകളിലാണ്‌ ചിത്രം ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്‌. പുസ്തകത്തിന്‍റെ രചനയുമായി ബന്ധപ്പെട്ട് അരുണ്‍കുമാറും ഷൂട്ടിംഗ് ടീമിനൊപ്പമുണ്ട്. കുഞ്ചാക്കോബോബന്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക റീനുമാത്യൂസ്‌ ആണ്‌. ചെമ്പന്‍ വിനോദ് ജോസ്‌, നെടുമുടിവേണു, തമിഴ്‌താരം ഭരത്‌, സണ്ണിവെയിന്‍, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. പതിവുപോലെ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ തന്നെയാണ്‌. ഗ്‌‌ളോബല്‍യുണൈറ്റഡ്‌ മീഡിയ ആണ്‌ നിര്‍മ്മാതാക്കള്‍.