കളിമണ്ണില്‍ ശ്വേതാ മേനോന് മൂന്ന് ഐറ്റം സോംഗുകള്‍, ഇത് ബ്ലെസിച്ചിത്രം തന്നെയോ?!

Webdunia
ശനി, 29 ജൂണ്‍ 2013 (15:05 IST)
PRO
കാഴ്ച, തന്‍‌മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങിയ ഗംഭീര കുടുംബചിത്രങ്ങള്‍ എടുത്ത സംവിധായകനാണ് ബ്ലെസി. ‘കളിമണ്ണ്’ എന്ന പുതിയ ചിത്രം ശ്വേതാ മേനോന്‍റെ പ്രസവചിത്രീകരണം കൊണ്ട് പുലിവാല് പിടിച്ചെങ്കിലും അതും ഒരു കുടുംബചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ ആവിഷ്കാരമെന്നാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുള്ളത്.

അതിനിടെയാണ് ശ്വേതാ മേനോനും സുനില്‍ ഷെട്ടിയും ചേര്‍ന്നുള്ള ഒരു ഐറ്റം സോംഗ് ബ്ലെസി ചിത്രീകരിച്ചത്. അതിന്‍റെ റിപ്പോര്‍ട്ടുകള്‍ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. മുംബൈയിലെ ഒരു സിനിമാതാരമായാണ് ശ്വേത കളിമണ്ണില്‍ അഭിനയിക്കുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു.

ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാധാരണയായി ഐറ്റം സോംഗുകളൊന്നും കാണാറില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് ഈ സിനിമയില്‍ ശ്വേത ഒന്നല്ല, മൂന്ന് ഐറ്റം സോംഗുകളാണത്രെ ചെയ്യുന്നത്! ബ്ലെസിക്ക് ഇതെന്തുപറ്റി എന്ന് ആശ്ചര്യം കൂറുകയാണ് ഏവരും.

“ഞാന്‍ ഈ സിനിമയില്‍ മൂന്ന് ഐറ്റം സോംഗുകളിലാണ് നൃത്തമാടുന്നത്. പ്രസവം കഴിഞ്ഞ് വെറും അഞ്ചുമാസമേ കഴിഞ്ഞിട്ടുള്ളൂ എന്നോര്‍ക്കണം. ഏറെക്കാലത്തിന് ശേഷം വീണ്ടും ഐറ്റം സോംഗ് ചെയ്തപ്പോള്‍ ഞാന്‍ അത് ഏറെ ആസ്വദിച്ചു. ഞാന്‍ ആ രംഗങ്ങളോട് നീതിപുലര്‍ത്തിയിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്” - ശ്വേതാ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫറായ പോണി വര്‍മയാണ് കളിമണ്ണിലെ നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്തിരിക്കുന്നത്.