ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘കഥ, സംവിധാനം - കുഞ്ചാക്കോ’. ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം കോട്ടയത്തും പാലായിലുമായി പുരോഗമിക്കുകയാണ്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നായിക മീനയാണ്.
ഉദയനാണ് താരം, കഥ പറയുമ്പോള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ശ്രീനിയുടെ നായികയായി മീന വരികയാണ്. ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഏഴു ഭാഷകള്‍ സംസാരിക്കുന്ന നിരക്ഷരനായ കുഞ്ചാക്കോ എന്ന കോടീശ്വരനെയാണ് ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച കുഞ്ചാക്കോ ചില കറുത്ത വഴികളിലൂടെയാണ് കോടീശ്വരനായത്. ഇന്ന് അയാള്‍ക്ക് സ്വന്തമായി ധനകാര്യ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജും മള്‍ട്ടിപ്ലക്സ് സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ട്.
കുഞ്ചാക്കോയുടെ സ്വഭാവത്തെപ്പറ്റി നാട്ടില്‍ മാത്രമല്ല, സ്വന്തം കുടുംബത്തിലും വലിയ മതിപ്പില്ല. ഇയാളെ എങ്ങനെയെങ്കിലും നന്നാക്കിയെടുക്കാനായി അവര്‍ ശ്രമിക്കുന്നു. അങ്ങനെയാണ് കുഞ്ചാക്കോയെക്കൊണ്ട് ഒരു വിവാഹം കഴിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ, കുഞ്ചാക്കോയേക്കാള്‍ ഒരുപാട് വയസിന് ഇളയതായ ആന്‍ മേരി എന്ന പെണ്‍കുട്ടിയെയാണ് അവര്‍ അതിനായി കണ്ടെത്തിയത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് വഴിമാറുകയാണ്.
നെടുമുടിവേണു, സിദ്ദിഖ്, ജഗതി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഗണേഷ്, പ്രേം കുമാര്‍, ലക്ഷ്മി പ്രിയ, സോന നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സജിത് മേനോനാണ് ചിത്രത്തിന്‍റെ ക്യാമറ. മാര്‍വെല്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനോജ് റാം സിംഗാണ് ‘കഥ, സംവിധാനം - കുഞ്ചാക്കോ’ നിര്‍മ്മിക്കുന്നത്.
കണ്ണൂര്‍, ഇന്ദ്രപ്രസ്ഥം, കിന്നരിപ്പുഴയോരം, ജോര്‍ജ്ജുകുട്ടി c/o ജോര്‍ജ്ജുകുട്ടി, മാജിക് ലാമ്പ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസാണ് ഹരിദാസ് കേശവന്‍ എന്ന പേരില്‍ ‘കഥ, സംവിധാനം - കുഞ്ചാക്കോ’ സംവിധാനം ചെയ്യുന്നത്.