എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'കത്തി', ഹരി സംവിധാനം ചെയ്ത വിശാല്‍ ചിത്രം 'പൂജൈ' - ഈ രണ്ട് തമിഴ് ചിത്രങ്ങളാണ് ദീപാവലിക്ക് ഏറ്റുമുട്ടാനൊരുങ്ങുന്നത്. രണ്ട് സിനിമകളും ഒക്ടോബര്‍ 22ന് റിലീസാകും.
തമിഴ്നാട്ടില്‍ 400 തിയേറ്ററുകളിലാണ് കത്തി റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടിലെ 300 കേന്ദ്രങ്ങളില്‍ പൂജൈ പ്രദര്‍ശനത്തിനെത്തും. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറുകണക്കിന് തിയേറ്ററുകളില്‍ ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഈ സിനിമകള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷങ്കര്‍ - വിക്രം ടീമിന്‍റെ 'ഐ' നവംബറില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് കൂടുതല്‍ സമയം വേണം എന്നതിനാലാണ് അത്.
ഷാരുഖ് ഖാന്‍ നായകനാകുന്ന 'ഹാപ്പി ന്യൂ ഇയര്‍' ആണ് ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു വലിയ ചിത്രം. ഫറാ ഖാന്‍ സംവിധാനം ചെയ്ത ഈ സിനിമ ചെന്നൈ എക്സ്പ്രസിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ തമിഴ് ഡബ്ബിംഗ് വേര്‍ഷനും റിലീസ് ചെയ്യും.
എന്തായാലും ദീപാവലിക്ക് വമ്പന്‍ സിനിമകളുടെ വെടിക്കെട്ടിനാണ് തമിഴ്നാട് സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതില്‍ ഏത് സിനിമയാണ് കൂടുതല്‍ നേട്ടം കൊയ്യുന്നതെന്ന് കാത്തിരുന്ന് കാണാം.