ഷങ്കറിന്‍റെ 'ഐ' വരുന്നു. നവംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്നു. മറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളും സംവിധായകരും സൂപ്പര്‍സ്റ്റാറുകളുമൊക്കെ ഈ പ്രഖ്യാപനം ഒരു മുന്നറിയിപ്പായി കാണേണ്ടതിന്‍റെ ആവശ്യകതയുണ്ട്. എന്നാണെന്നോ? 20000 തിയേറ്ററുകളിലാണ് ഐ റിലീസ് ചെയ്യാന്‍ പോകുന്നത്. അതായത്, ഇന്ത്യയിലും വിദേശത്തും പല പ്രമുഖരുടെ സിനിമകള്‍ക്കും ആ സമയത്ത് തിയേറ്ററുകള്‍ കിട്ടാനില്ലാതെ വിഷമിക്കേണ്ടിവരും.
ലോകമെമ്പാടുമായി ഇരുപതിനായിരം തിയേറ്ററുകളില്‍ ഐ റിലീസ് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍. തമിഴ് ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് ഡബ്ബിംഗ് വേര്‍ഷനുകളല്ല. മൂന്ന് ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന പതിപ്പുകള്‍ തന്നെയാണ് പുറത്തിറങ്ങാന്‍ പോകുന്നത്.
മൂന്ന് ഭാഷകളിലും വിക്രം തന്നെ ഡബ്ബ് ചെയ്തിരിക്കുന്നു എന്നതും പ്രത്യേകതയാണ്. വിക്രം ഈ സിനിമയിലെ പ്രകടനത്തിന് ഒരു ദേശീയ പുരസ്കാരം പ്രതീക്ഷിക്കുന്നുണ്ട് എന്നതും വസ്തുതയാണ്.
എമി ജാക്സണാണ് ഐയിലെ നായിക. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമയ്ക്ക് എ ആര്‍ റഹ്മാനാണ് സംഗീതം. 180 കോടി രൂപ ചെലവിട്ട് ആസ്കാര്‍ രവിചന്ദ്രനാണ് ഐ നിര്‍മ്മിച്ചിരിക്കുന്നത്.