ഇന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം 'ഐ' എന്ന സിനിമയാണ്. ഷങ്കര്‍ സംവിധാനം ചെയ്ത ഈ വിക്രം ചിത്രത്തിന്‍റെ ട്രെയിലര്‍ ബമ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ഓഡിയോ ലോഞ്ചില്‍ സാക്ഷാല്‍ അര്‍നോള്‍ഡ് ഷ്വാര്‍സനെഗറെ തന്നെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് നിര്‍മ്മാതാവ് ആസ്കാര്‍ രവിചന്ദ്രന് വലിയ നേട്ടമായി. ഇന്ത്യ മുഴുവന്‍ തന്‍റെ സിനിമയെ ശ്രദ്ധാകേന്ദ്രമാക്കാന്‍ ഈയൊരു നടപടിയിലൂടെ നിര്‍മ്മാതാവിന് കഴിഞ്ഞു.
സതേണ്‍ സര്‍ക്യൂട്ടില്‍ ഏറ്റവും ഡിമാന്‍ഡുള്ള സിനിമയാണ് ഇന്ന് ഐ. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ വിതരണാവകാശത്തിനായി കടുത്ത മത്സരമാണ് നടന്നത്. പല മേഖലകളിലെ വിതരണത്തിനായി പ്രമുഖ കമ്പനികള്‍ അവരുടെ ഏറ്റവും വലിയ തുക തന്നെ വാഗ്‌ദാനം ചെയ്ത് രംഗത്തെത്തി.
തമിഴ്നാട് തിയേറ്ററുകളുടെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. സുഷ്മ സിനി ആര്‍ട്‌സാണ് വിതരണാവകാശം സ്വന്തമാക്കിയത്. ഇത് സൌത്ത് ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഡീല്‍ ആയാണ് കണക്കാക്കുന്നത്. എന്നാല്‍ സിനിമ വിറ്റ തുകയെത്രയെന്ന് ആസ്കാര്‍ ഫിലിംസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പിന്‍റെ ആന്ധ്ര തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയത് മെഗാ സൂപ്പര്‍ഗുഡ് ഫിലിംസാണ്. തിരുപ്പതി പ്രസാദും ആര്‍ ബി ചൌധരിയും ചേര്‍ന്നാണ് മെഗാ സൂപ്പര്‍ഗുഡ് ഫിലിംസ് ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയില്‍ ഒരു അന്യഭാഷാചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ഈ വില്‍പ്പന നടന്നത്.
കേരളത്തില്‍ തമിഴ് 'ഐ' തന്നെയാണ് പ്രദര്‍ശനത്തിനെത്തുക. ഇതിന്‍റെ വില്‍പ്പന നടന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.