ഉദയനും സിബിയും പിരിഞ്ഞു, ഉദയന്‍റെ ആദ്യചിത്രത്തില്‍ മോഹന്‍ലാലും പ്രഭുവും, സിബിയുടെ ചിത്രത്തില്‍ ദിലീപ് !

ബുധന്‍, 1 ഏപ്രില്‍ 2015 (14:58 IST)
മലയാളത്തിലെ പൊന്നിന്‍ വിലയുള്ള ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും പിരിഞ്ഞു. മൈലാഞ്ചി മൊഞ്ചുള്ള വീടാണ് ഈ ടീം തിരക്കഥയെഴുതിയ അവസാനചിത്രം. ഇനിയും ഒരുമിച്ച് തിരക്കഥ രചിക്കേണ്ടെന്ന കടുത്ത തീരുമാനം ഇരുവരും കൈക്കൊള്ളുകയായിരുന്നു. പിരിയാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.
 
എന്നാല്‍ ഇരുവരും തമ്മിലുള്ള സൌഹൃദത്തില്‍ മങ്ങലേറ്റിട്ടില്ല. ഉദയ്കൃഷ്ണ തിരക്കഥാകൃത്തായും സിബി കെ തോമസ് സംവിധായകനായും സിനിമാരംഗത്ത് തുടരും. ഉദയ്കൃഷ്ണ തനിച്ച് തിരക്കഥയെഴുതുന്ന ആദ്യ ചിത്രത്തില്‍ മോഹന്‍ലാലും പ്രഭുവും നായകന്‍‌മാരാകും. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് - പുലി മുരുകന്‍!
 
മേയ് മാസം ചിത്രീകരണം ആരംഭിക്കുന്ന പുലിമുരുകനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തും. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്ന സിനിമ ഒട്ടേറെ സ്റ്റണ്ട് രംഗങ്ങള്‍ നിറഞ്ഞതാണ്.
 
അതേസമയം, സിബി കെ തോമസ് സംവിധാനരംഗത്തേക്ക് കടക്കുകയാണ്. സിബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍. ഉദയ്കൃഷ്ണ തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

വെബ്ദുനിയ വായിക്കുക