ഇത് മമ്മൂട്ടിയുടെ കളിക്കളം, എതിരാളി ആര് എന്നത് വിഷയമല്ല!

ബുധന്‍, 27 ഏപ്രില്‍ 2016 (15:26 IST)
മമ്മൂട്ടിയുടെ അടിപൊളി മസാലപ്പടത്തിനായി കാത്തിരുന്നവർക്ക് ആഘോഷിക്കാം. താരചക്രവർത്തി തയ്യാറായിക്കഴിഞ്ഞു. നല്ല ഒന്നാന്തരം മസാല എൻറർടെയ്‌നർ - തോപ്പിൽ ജോപ്പൻ !
 
ജോണി ആൻറണി സംവിധാനം ചെയ്യുന്ന തോപ്പിൽ ജോപ്പനിൽ കബഡിപ്രേമക്കാരനായ നായകനായാണ് മമ്മൂട്ടി വരുന്നത്. കബഡി തന്നെ ജീവിതമായിക്കാണുന്ന, കട്ടപ്പനയിലെ ഒരു കബഡി ടീമിൻറെ നേതൃസ്ഥാനത്തുള്ളയാളാണ് ജോപ്പൻ. മമ്മൂട്ടി ഉൾപ്പെടുന്ന കബഡി മത്സര രംഗങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൻറെ ഹൈലൈറ്റായിരിക്കും.
 
ഒരു പക്കാ അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. തികഞ്ഞ ഗ്രാമീണ സ്വഭാവമുള്ളയാൾ. കട്ടപ്പനയിൽ നിന്നുള്ള ഒരു അച്ചായൻ കഥാപാത്രത്തിൻറെ ലുക്ക് ആണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്ക്.
 
കട്ടപ്പനയിലെ അച്ചായന് അനുയോജ്യമായ ഭാഷാശൈലിയിലായിരിക്കും മമ്മൂട്ടി തോപ്പിൽ ജോപ്പനിൽ സംസാരിക്കുക. അടിക്ക് അടി, ഡാൻസിന് ഡാൻസ്, കോമഡിക്ക് കോമഡി, പാട്ടിനുപാട്ട് - എല്ലാം ഒത്തുചേർന്ന സിനിമയുടെ തിരക്കഥ നിഷാദ് കോയ.
 
വിദ്യാസാഗറാണ് സംഗീതം. ചിത്രത്തിൽ രണ്ടുനായികമാരുണ്ടാകും. ആൻഡ്രിയ ജെർമിയയും ദീപ്തി സതിയും. പാലാ, വാഗമൺ, തൊടുപുഴ, തോപ്രാംകുടി എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കുകയാണ്. മോഹൻലാലിന് പുലിമുരുകൻ, ബെൻസ് വാസു എന്നീ ആക്ഷൻ മസാല എൻറർടെയ്‌നറുകൾ വരുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടി അത്തരം സിനിമകളിൽ നിന്ന് അകന്നുനിൽക്കുന്നത് ആരാധകരിൽ നിരാശയുണർത്തിയിരുന്നു. എന്തായാലും തോപ്പിൽ ജോപ്പനായി മമ്മൂട്ടി കസറുമെന്നുറപ്പ്.
 
തുറുപ്പുഗുലാൻ പോലെ, രാജമാണിക്യം പോലെ മമ്മൂട്ടി ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്ന ചിത്രമായിരിക്കും തോപ്പിൽ ജോപ്പൻ. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആൻറണി.

വെബ്ദുനിയ വായിക്കുക