1988ലാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ 'ആര്യന്‍' എന്ന സിനിമയൊരുക്കിയത്. പ്രിയന്‍ അതുവരെ ചെയ്തുവന്ന സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. തമാശയും സെന്‍റിമെന്‍റ്സുമൊക്കെ വിട്ട് ഉഗ്രന്‍ ആക്ഷന്‍ സിനിമ. തീപ്പൊരി എഴുത്തുകാരന്‍ ടി ദാമോദരന്‍റെ രചന. അധോലോകവും ക്ഷേത്രവും രാഷ്ട്രീയവുമെല്ലാം ചേര്‍ന്ന പശ്ചാത്തലം. 'ആര്യന്‍' പ്രേക്ഷകര്‍ ഏറ്റെടുത്ത് വന്‍ ഹിറ്റാക്കി മാറ്റി.
ആര്യനെ മറികടക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ വേണമെന്ന ആഗ്രഹമാണ് പ്രിയദര്‍ശനെ 'അദ്വൈതം' എടുക്കാന്‍ പ്രേരിപ്പിച്ചത്. 1991 സെപ്‌റ്റംബര്‍ മൂന്നിനാണ് അദ്വൈതം പ്രദര്‍ശനത്തിനെത്തിയത്. ടി ദാമോദരന്‍ തന്നെയായിരുന്നു രചന. കൌശലക്കാരനായ രാഷ്ട്രീയനേതാവ്, ഗുണ്ട, ആത്മീയഗുരു എന്നിങ്ങനെ മൂന്ന് വേഷപ്പകര്‍ച്ചകള്‍ മോഹന്‍ലാലിന് ഈ ചിത്രത്തിലുണ്ടായിരുന്നു.
വീണ്ടും ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന് പ്രിയദര്‍ശന്‍ ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍മാരാക്കിയെടുക്കുന്ന പൊളിറ്റിക്കല്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. പ്രിയന്‍ തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.
കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ രാഷ്ട്രീയചിത്രം ഒരു ത്രില്ലര്‍ കൂടിയായിരിക്കുമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. അടുത്ത വര്‍ഷം ആദ്യം അക്ഷയ്കുമാറിനെ നായകനാക്കി ഒരു ഹിന്ദി ചിത്രം പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അര്‍ജുന്‍ കപൂര്‍ നായകനാകുന്ന ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിനും പ്രിയന്‍ തയ്യാറെടുക്കുന്നു എന്നാണ് വാര്‍ത്ത.