അത് ടൈഗറല്ല, വെറും കടലാസുപുലി!

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (18:05 IST)
‘ടൈഗര്‍ മേമന്‍ പിടിയില്‍’! ഇങ്ങനെയൊരു തലക്കെട്ട് കണ്ടാല്‍ ഇന്ത്യക്കാര്‍ സന്തോഷിക്കും. കാരണം ഇന്ത്യക്കാരുടെ നെഞ്ചില്‍ ആഴത്തിലൊരു മുറിവേല്‍പ്പിച്ചിട്ട് രക്ഷപ്പെട്ട് കഴിയുന്നയാളാണ് ടൈഗര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇങ്ങനെയൊരു തലക്കെട്ട് ചില ദേശീയ മാധ്യമങ്ങളില്‍ വന്നു. അങ്ങനെ ആഘോഷവും തുടങ്ങിക്കഴിഞ്ഞപ്പോഴാണ് പിടിയിലായത് ടൈഗറല്ലെന്ന് ബോധ്യമായത്.
 
പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഫര്‍ഖാന്‍ എന്നൊരാള്‍ പിടിയിലായതോടെയാണ് ‘ടൈഗര്‍ മേമന്‍ വലയില്‍’ എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അയാള്‍ ടൈഗര്‍ മേമന്‍റെ വ്യാജനാണ്. താന്‍ ടൈഗര്‍ മേമനാണെന്ന് പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തുകയാണ് കക്ഷിയുടെ പ്രധാന ഹോബി. ഇത്തരം അനവധി കേസുകള്‍ ഇയാള്‍ക്കെതിരെ പാകിസ്ഥാനില്‍ നിലവിലുണ്ട്. 
 
ഇയാള്‍ അറസ്റ്റിലായതോടെയാണ് ടൈഗര്‍ മേമനെ പിടികൂടിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. യഥാര്‍ത്ഥ കഥയറിയാതെ ആട്ടം കണ്ട ഇന്ത്യന്‍ മാധ്യമങ്ങളെ ഇപ്പോള്‍ പാകിസ്ഥാന്‍ മീഡിയ കളിയാക്കി തകര്‍ക്കുകയാണ്. ട്വിറ്ററിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നേരെ പാക് മാധ്യമപ്രവര്‍ത്തകര്‍ പരിഹാസവര്‍ഷം തന്നെയാണ് നടത്തുന്നത്. 
 
1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ടൈഗര്‍ മേമന്‍. യാക്കൂബ് മേമന്‍റെ വധശിക്ഷ നടപ്പാക്കിയ ശേഷം ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും വധശിക്ഷയ്ക്ക് പകരം ചോദിക്കുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.