മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രഞ്ജിത്തിന് പക്ഷേ ഇത് കാലം അത്ര നല്ലതല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയങ്ങള്‍ക്ക് പുറമേ നിര്‍മ്മാതാക്കളുടെ അപ്രഖ്യാപിത വിലക്കും രഞ്ജിത് നേരിടുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ലീല’ എന്ന് പുറത്തിറക്കാനാകുമെന്ന് രഞ്ജിത്തിന് തന്നെ നിശ്ചയമില്ല.
ബിജുമേനോന്‍ നായകനായ ‘ലീല’യുടെ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീര റിപ്പോര്‍ട്ടാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് നൈസായിട്ടൊരു താങ്ങും ടീസറില്‍ താങ്ങിയിട്ടുണ്ട്. ‘അണ്ണന്‍മാര് കനിഞ്ഞാ താമസിയാതെ വരും...’ എന്നാണ് ടീസറില്‍ അവസാനം തെളിയുന്ന പഞ്ച് ലൈന്‍.
ഉണ്ണി ആര്‍ തിരക്കഥയെഴുതിയ സിനിമയുടെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനാണ്. സംഗീതം ബിജിബാല്‍. ക്യാപിറ്റോള്‍ സിനിമയുടെ ബാനറില്‍ രഞ്ജിത് തന്നെയാണ് ലീല നിര്‍മ്മിച്ചിരിക്കുന്നത്.
ഉണ്ണി ആര്‍ എഴുതിയ ലീല എന്ന ചെറുകഥയുടെ സിനിമാവിഷ്കാരമാണിത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരെ രഞ്ജിത് ഈ സിനിമയിലേക്ക് നേരത്തേ ആലോചിച്ചതാണ്. എന്നാല്‍ പലകാര്യങ്ങളാല്‍ നടന്നില്ല. എന്തായാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ ഉപേക്ഷിച്ച് രഞ്ജിത് ഒടുവില്‍ ബിജു മേനോനെ നായകനാക്കി ലീല പൂര്‍ത്തിയാക്കി. പാര്‍വതി നമ്പ്യാരാണ് ചിത്രത്തില്‍ ലീല എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി അഭിനയിച്ച താരമാണ് പാര്‍വതി നമ്പ്യാര്‍.
സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ് ലീല. കുട്ടിയപ്പന്‍ എന്ന എക്സന്‍ട്രിക് ക്യാരക്ടര്‍ തന്‍റെ ലൈംഗിക പരീക്ഷണത്തിനായി അവളെ സ്വന്തമാക്കുകയാണ്. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ അവളെ നഗ്‌നയാക്കി നിര്‍ത്തി ഭോഗിക്കണമെന്നാണ് അയാളുടെ ആഗ്രഹം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍ എഴുതിയ കഥയുടെ പ്രമേയം ഇങ്ങനെയാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവ പ്രധാന ലൊക്കേഷനുകളാണ്.