അടികഴിഞ്ഞു, ഇനി തകര്‍പ്പന്‍ കോമഡി!

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (20:23 IST)
കമല്‍ഹാസന്‍ നായകനാകുന്ന ‘തൂങ്കാവനം’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. രാജേഷ് എം സെല്‍‌വ സംവിധാനം ചെയ്ത ഈ സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. സ്ലീപ്‌ലെസ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമയുടെ തമിഴ് റീമേക്കാണ് തൂങ്കാവനം. ഫെഡ്രിക് ജാര്‍ഡിന്‍ 2011ല്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണ് സ്ലീപ്‌ലെസ് നൈറ്റ്. ഒരു നിമിഷം പോലും സ്ക്രീനില്‍നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാത്തത്ര ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് ആ സിനിമ സമ്മാനിക്കുന്നത്. അധോലോകവും പൊലീസും മയക്കുമരുന്ന് കള്ളക്കടത്തും മാനുഷിക ബന്ധങ്ങളുമൊക്കെയാണ് ചിത്രം വിഷയമാക്കുന്നത്. 
 
ഈ സിനിമയ്ക്ക് ശേഷം ഒരു തകര്‍പ്പന്‍ കോമഡിച്ചിത്രം ചെയ്യാനാണ് കമല്‍ ആലോചിക്കുന്നത്. അത് സംവിധാനം ചെയ്യുന്നതും രാജേഷ് എം സെല്‍‌വ തന്നെ. കമല്‍ഹാസന്‍റെ ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മൌലി ഒരു തിരക്കഥയുമായി കമലിനെ സമീപിക്കുകയായിരുന്നു. തിരക്കഥ ഇഷ്ടപ്പെട്ട കമല്‍ ഈ സിനിമയും രാജേഷ് തന്നെ സംവിധാനം ചെയ്യട്ടെ എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. 
 
തിരുപ്പതി ബ്രദേഴ്സിന്‍റെ ബാനറില്‍ എന്‍ ലിംഗുസാമിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഉത്തമവില്ലന്‍’ നിര്‍മ്മിച്ചതും ലിംഗുസാമിയായിരുന്നു. ആ ചിത്രം പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് അതേ ബാനറിനുവേണ്ടി ഒരു കോമഡിച്ചിത്രം ചെയ്യാന്‍ കമല്‍ സമ്മതിച്ചത്.
 
തൂങ്കാവനം നവംബറിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും. തന്‍റെ മകന്‍റെ രക്ഷയ്ക്ക് വേണ്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന സാഹസികസഞ്ചാരങ്ങളാണ് തൂങ്കാവനത്തിന്‍റെ പ്രമേയം. പൊലീസ് ഉദ്യോഗസ്ഥനായാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നത്. ത്രിഷ, പ്രകാശ് രാജ്, കിഷോര്‍, ഉമാ റിയാസ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ജിബ്രാന്‍ സംഗീതം നല്‍കുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് സനു വര്‍ഗീസ്.
 
തമിഴ്, തെലുങ്ക് ഭാഷകളിലായി തൂങ്കാവനം പുറത്തിറക്കും. സ്ലീപ്‌ലെസ് നൈറ്റിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ ഗില്ലീസ് കോണ്‍സീല്‍, സില്‍വെയ്ന്‍ ഗാബറ്റ്, വിര്‍ജീന്‍ ആര്‍നോഡ് എന്നിവര്‍ തന്നെയാണ് തൂങ്കാവനത്തിലും ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്.