യെന്നൈ അറിന്താല്‍ മെഗാഹിറ്റായതോടെ നിര്‍മ്മാതാക്കള്‍ അജിത്തിന്‍റെ ഡേറ്റ് കിട്ടാനായി പരക്കം പായുകയാണ്. എന്നാല്‍ അജിത് തല്‍ക്കാലം എ എം രത്നം എന്ന നിര്‍മ്മാതാവിന് മാത്രമാണ് ഡേറ്റ് നല്‍കുന്നത്. 'ആരംഭം' നിര്‍മ്മിച്ചത് രത്നമായിരുന്നു. എന്നൈ അറിന്താലും രത്നം നിര്‍മ്മിച്ച പടമാണ്. അടുത്ത അജിത് ചിത്രം നിര്‍മ്മിക്കുന്നതും എ എം രത്നം തന്നെ.
'സിരുത്തൈ' ശിവയാണ് അജിത്തിന്‍റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്. അജിത്തിന്‍റെ 'വീരം' സംവിധാനം ചെയ്തതും ശിവയായിരുന്നു. വീരം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറായിരുന്നു എങ്കില്‍ നഗരപശ്ചാത്തലത്തിലുള്ള ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും അജിത് - ശിവ ടീമിന്‍റെ പുതിയ ചിത്രം.
അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന സിനിമയില്‍ രണ്ട് നായികമാര്‍ ഉണ്ടാവും. യെന്നൈ അറിന്താലിലും രണ്ട് നായികമാര്‍ ഉണ്ടായിരുന്നു.
അജിത്തിന്‍റെ ഭാര്യ ശാലിനി ഗര്‍ഭിണിയാണ്. ശാലിനി കുഞ്ഞിന് ജന്‍മം നല്‍കിയതിന് ശേഷമേ അജിത് പുതിയ സിനിമ ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വിദേശത്തായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഗാനരംഗവും ചില ആക്ഷന്‍ സീക്വന്‍സുകളുമായിരിക്കും ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിക്കുക എന്നാണ് അറിയുന്നത്.