“പുലിമുരുകനൊപ്പം ഈ പടം റിലീസ് ചെയ്യേണ്ടെന്ന് ഞാന്‍ പറഞ്ഞതാ...” - ഒരു സംവിധായകന്‍റെ രോദനം!

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (11:18 IST)
‘ഗേള്‍സ്’ എന്ന പേരില്‍ ഒരു മലയാള സിനിമ ഇക്കഴിഞ്ഞ ഒക്ടോബറില്‍ റിലീസായ വിവരം എത്ര പ്രേക്ഷകര്‍ അറിഞ്ഞിട്ടുണ്ട്? വളരെക്കുറച്ചുപേര്‍ മാത്രമേ അറിഞ്ഞിരിക്കാനിടയുള്ളൂ. കാരണം ആ സിനിമ വന്നതും പോയതും ആരും അറിഞ്ഞില്ല. വേണ്ടത്ര പരസ്യമില്ലായിരുന്നു. ആവശ്യമായ തിയേറ്ററുകള്‍ റിലീസിന് കിട്ടിയതുമില്ല.
 
നദിയ മൊയ്തുവും ഇനിയയുമൊക്കെ അഭിനയിച്ച, സ്ത്രീകള്‍ മാത്രം അഭിനയിച്ചിട്ടുള്ള ഒരു ക്രൈം ത്രില്ലറായിരുന്നു ഗേള്‍സ്. പ്രിയദര്‍ശന്‍റെ രാക്കിളിപ്പാട്ടിന് ശേഷം ഇത്തരമൊരു പരീക്ഷണം ആദ്യം. മുതിര്‍ന്ന സംവിധായകനായ തുളസീദാസ് മലയാളത്തിലും തമിഴിലുമായാണ് ഈ സിനിമ ഒരുക്കിയത്. സൂപ്പര്‍ സംഭാഷണങ്ങളും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും വര്‍ണാഭമായ ഗാനരംഗങ്ങളുമൊക്കെ സിനിമയുടെ പ്രത്യേകതയായിരുന്നു. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. സംഗീതമാകട്ടെ എം ജി ശ്രീകുമാറും. എന്നിട്ടും ഈ സിനിമയ്ക്ക് ആളുകള്‍ എത്തിയില്ല.
 
മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രമായ പുലിമുരുകനൊപ്പമാണ് ഗേള്‍സ് റിലീസ് ചെയ്തത്. അത് കൂടുതല്‍ പ്രശ്നമായതായി സംവിധായകന്‍ തുളസീദാസ് പറയുന്നു. “പുലിമുരുകനൊപ്പം ഗേള്‍സ് റിലീസ് ചെയ്യാനുള്ള തീരുമാനം നിര്‍മ്മാതാവിന്‍റേതായിരുന്നു. ഇപ്പോള്‍ റിലീസ് ചെയ്യേണ്ട, ആളുകള്‍ പുലിമുരുകന്‍റെ ആഘോഷത്തിലാണ് എന്നൊക്കെ ഞാന്‍ പറഞ്ഞതാണ്. പക്ഷേ അവര്‍ അത് കേട്ടില്ല. കുറച്ചുപേരേ ഗേള്‍സ് കണ്ടുള്ളൂ. കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുളസീദാസ് പറയുന്നു. 
 
തമിഴിലും മലയാളത്തിലുമായി മൂന്നരക്കോടി രൂപയായിരുന്നു ഗേള്‍സിന്‍റെ ബജറ്റ്. ഇത്രയും ചെറിയ ബജറ്റായിരുന്നെങ്കിലും നല്ല റിച്ച്‌നെസ് ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. “സിനിമ റിലീസാകും മുമ്പ് സാറ്റലൈറ്റ് റൈറ്റായി തമിഴിന് ഒന്നരക്കോടിയും മലയാളത്തിന് ഒരു കോടിയും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ പടം റിലീസാകട്ടെ എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു. ഇപ്പോള്‍ തമിഴ് പതിപ്പിന്‍റെ സാറ്റലൈറ്റ് കൊടുത്തു. എത്ര രൂപയ്ക്കാണ് കൊടുത്തതെന്ന് അറിയില്ല. മലയാളത്തിന്‍റെ അവകാശം ഇതുവരെ കൊടുത്തിട്ടില്ല” - തുളസീദാസ് വ്യക്തമാക്കി.
 
“നിര്‍മ്മാതാവ് ഒരു കടുംപിടുത്തക്കാരനാണ്. അദ്ദേഹം തീരുമാനിക്കുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. ശമ്പളം ചോദിക്കുന്നത് ഇഷ്ടമല്ല. ചോദിക്കുന്നവരെ പുറത്താക്കും. അതാണ് രീതി. ഒരു സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് നിര്‍മ്മാതാവിന് അറിയില്ലായിരുന്നു. ഓണ്‍‌ലൈനിലോ പ്രിന്‍റിലോ ടി വിയിലോ പരസ്യം കാര്യമായി കൊടുത്തില്ല. പിന്നെ പോസ്റ്റര്‍ ഒട്ടിച്ചിട്ടു വരെ റിലീസ് പലതവണ മാറ്റി. നിര്‍മ്മാതാവും വിതരണക്കാരും റിലീസിന് മുമ്പ് പടം കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു. പരസ്യത്തിന്‍റെ കാര്യം സൂചിപ്പിച്ചപ്പോള്‍, ‘നല്ല പടമാണ്... ആളുകള്‍ കേട്ടറിഞ്ഞ് കയറും’ എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്” - തുളസീദാസ് ഈ അഭിമുഖത്തില്‍ പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം
Next Article