ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കണ്ട എല്ലാവര്‍ക്കും നല്ല അഭിപ്രായമാണുള്ളത്. സിനിമാ മേഖലയില്‍ ഉള്ള നിരവധി പേര്‍ ദിലീഷ് പോത്തനേയും ഫഹദിനേയും പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു. ഇപ്പോഴിതാ, വളരെ വൈകിയാണെങ്കിലും താനും ചിത്രം കണ്ടുവെന്ന് കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.
"തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണ്. എങ്ങനെയാണ് ഇത്രയും കള്ളത്തരങ്ങള്‍ ഫഹദ് അവതരിപ്പിച്ച കള്ളനില്‍ ഉണ്ടായതെന്നും സത്യന്‍ അന്തിക്കാട് ചോദിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലൂടെ:
ചില 'കാഴ്ച' പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് തൊണ്ടിമുതൽ കണ്ടത്.
സന്ധ്യ കഴിഞ്ഞാൽ നമ്മുടെ സ്വീകരണ മുറികൾ ചാനൽ ചർച്ചകൾ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താൽ മദമിളകിയ ചിലർ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണൽ തന്നെ മലയാളികൾ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുന്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.
"തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, "അവൻ അഭ്രത്തിൽ ഒരു കാവ്യമായി മാറി" എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്‌ക്ക് നൽകിയത് വല്ലാത്തൊരു കരുത്താണ്.
ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അന്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ.
നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.