പുലിമുരുകന്‍ വേണം; പക്ഷേ സന്ദേശവും ഭരതവും അനിയത്തിപ്രാവും വേണ്ടേ?

നിലീന ഫ്രാനി
ശനി, 12 നവം‌ബര്‍ 2016 (14:45 IST)
കഴിഞ്ഞ ദിവസം ബഹുമുഖപ്രതിഭയായ ശ്രീകുമാരന്‍ തമ്പി ഹൃദയവേദനയോടെ ഒരു കാര്യം പറയുന്നതു കേട്ടു. എല്ലാവര്‍ക്കും ഇപ്പോള്‍ പുലിമുരുകന്‍ മതി. അങ്ങനെയെങ്കില്‍ നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകരും എഴുത്തുകാരും എന്തുചെയ്യും? തന്‍റെ ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന സിനിമ കാണാന്‍ ആദ്യദിനം 35 പേര്‍ മാത്രമാണെത്തിയതെന്നും അദ്ദേഹം പറയുന്നു.
 
സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. എല്ലാവര്‍ക്കും പുലിമുരുകനാണ് വേണ്ടതെങ്കില്‍ മലയാളത്തിലെ ഹൃദയഹാരിയായ ചിത്രങ്ങളൊരുക്കിയ സംവിധായകര്‍ പ്രതിസന്ധിയിലാകില്ലേ? കിരീടവും തനിയാവര്‍ത്തനവും ഭരതവുമെടുത്ത സിബി മലയില്‍ എന്തുചെയ്യും? ഈ പുഴയും കടന്നും കൃഷ്ണഗുഡിയുമെടുത്ത കമല്‍ എന്തു ചെയ്യും. സന്ദേശവും സന്‍‌മനസുള്ളവര്‍ക്ക് സമാധാനവും നാടോടിക്കാറ്റുമെടുത്ത സത്യന്‍ അന്തിക്കാട് എന്തുചെയ്യും?
 
പുലിമുരുകന്‍ പോലെ ലാര്‍ജ് സ്കെയില്‍ സിനിമകള്‍ എടുക്കാന്‍ വല്ലപ്പോഴും മാത്രമല്ലേ പറ്റൂ? അപ്പോള്‍ പിന്നെ നിര്‍മ്മാതാക്കളും വിതരണക്കാരും എല്ലാ ചിത്രങ്ങളും പുലിമുരുകനാകണമെന്ന് കരുതുന്നത് ശരിയാണോ? എല്ലാ സിനിമകളിലും പ്രേക്ഷകര്‍ പുലിമുരുകന്‍ പ്രതീക്ഷിക്കുന്നത് തെറ്റല്ലേ?
 
പുലിമുരുകന്‍ 100 കോടി നേടി ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ചത് നല്ലതുതന്നെ. എന്നാല്‍ ഇവിടെ ചെറിയ സിനിമകളും വേണം. ഇവിടെ ആകാശദൂതും അനിയത്തിപ്രാവും വേണം. ഇവിടെ ഇന്‍ ഹരിഹര്‍ നഗറും മഹേഷിന്‍റെ പ്രതികാരവും വേണം. പ്രേക്ഷകരും സിനിമാക്കാരും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
Next Article