സ്കൂള്‍ കുട്ടികളും കോളജ് വിദ്യാര്‍ത്ഥികളും സമയം പോകാനായി എടുത്തിടുന്ന ആദ്യത്തെ ചോദ്യമാണിത് - മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍? ഈ ചോദ്യത്തിനു മേല്‍ എത്രനേരം വേണമെങ്കിലും പരസ്പരം വാദിക്കാം, തര്‍ക്കിക്കാം. വേണമെങ്കില്‍ ഒരു വര്‍ഷത്തോളം തര്‍ക്കിക്കാം. എന്നാല്‍ അന്തിമമായി എന്ത് ഉത്തരം ലഭിച്ചു എന്നുചോദിച്ചാല്‍ കൈമലര്‍ത്തും എല്ലാവരും. അവര്‍ക്കറിയാം, മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്‍മാരാണ്. ആരാണ് ഏറ്റവും മികച്ചത് എന്ന് തുലനം ചെയ്യാനാവാത്ത വിധം മികച്ചവര്‍.
മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങളെ മോഹന്‍ലാലിന് കഴിയുമോ എന്നൊരു ചോദ്യവും ലാല്‍വേഷങ്ങളെ മമ്മൂട്ടിക്ക് ചേരുമോ എന്ന മറുചോദ്യവും മറ്റൊരു തര്‍ക്കവിഷയമാണ്. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പഴശ്ശിരാജയെയും ദി കിംഗിലെ ജോസഫ് അലക്സിനെയും മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് ചോദ്യം. തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യനെയും കിലുക്കത്തിലെ ജോജിയെയും കമലദളത്തിലെ നന്ദഗോപനെയും മമ്മൂട്ടി അവതരിപ്പിച്ചാലോ?
ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കും എന്നല്ലാതെ ഇവരുടെ പ്രതിഭയെ അളക്കാന്‍ അവയ്ക്കൊന്നും കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയെ രണ്ട് നാട്ടുരാജ്യങ്ങളായി വിഭജിച്ച് അവിടെ വാണരുളുകയാണ്. ആരും അതിര്‍ത്തി ഭേദിക്കുന്നില്ല. ആരും വെല്ലുവിളിക്കുന്നുമില്ല.