ആറാംതമ്പുരാന് ശേഷം വന്നത് ഒരു തണുപ്പന്‍ ത്രില്ലര്‍, ആ മമ്മൂട്ടിച്ചിത്രം പക്ഷേ വന്‍ ഹിറ്റായി!

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (15:21 IST)
വലിയ ഗിമ്മിക്സുകള്‍ കാണിച്ച് പ്രേക്ഷകരെ കൈയിലെടുക്കുന്ന ചില സിനിമകളുണ്ട്. ക്യാമറയുടെ ചലനത്തിലും വേഗത്തിലുമെല്ലാം പ്രത്യേകതയുള്ള സിനിമകള്‍. തമിഴകത്ത് ഹരി എന്ന സംവിധായകന്‍ അത്തരം സിനിമകളുടെ ഉസ്താദാണ്. മലയാളത്തില്‍ ഷാജി കൈലാസും അത്തരം ചില സിനിമകള്‍ ചെയ്തിട്ടുണ്ട്.
 
ആറാം തമ്പുരാന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി ട്രൂത്ത്. ആറാം തമ്പുരാന്‍റെ മഹാവിജയത്തിന്‍റെ പശ്ചാത്തലത്തില്‍ അതിന്‍റെ കെട്ടും മട്ടും ഭാവങ്ങളുമെല്ലാം എടുത്തുപയോഗിച്ച് ചെയ്ത ചിത്രമല്ല ട്രൂത്ത്. നല്ല കഥയും സൂപ്പര്‍ ട്രീറ്റുമെന്‍റുമുള്ള ഒരു സ്റ്റൈലന്‍ ത്രില്ലറായിരുന്നു അത്.
 
മമ്മൂട്ടിക്കുവേണ്ടി ഹീറോയിസം കുത്തിനിറച്ച രംഗങ്ങളോ അമാനുഷികമായ സംഘട്ടനങ്ങളോ ഒന്നും ട്രൂത്തില്‍ കാണാനാവില്ല. ലോജിക്കുള്ള ഒരു വ്യത്യസ്തമായ കഥയായിരുന്നു ചിത്രത്തിന്‍റെ ബലം. എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ ട്രൂത്ത് ഒരു കുറ്റാന്വേഷണ ചിത്രമായിരുന്നു.
 
ഒരു മുഖ്യമന്ത്രിയുടെ കൊലപാതകമാണ് ഭരത് പട്ടേരി(മമ്മൂട്ടി) എന്ന സ്പെഷ്യല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ടീം ഓഫീസര്‍ അന്വേഷിക്കുന്നത്. അന്വേഷണത്തിനൊടുവില്‍ അയാള്‍ മനസിലാക്കുന്നു, കൊലയാളിയുടെ യഥാര്‍ത്ഥ ലക്‍ഷ്യം മുഖ്യമന്ത്രി ആയിരുന്നില്ല എന്ന്. 1998 മാര്‍ച്ച് 19ന് റിലീസായ ചിത്രം ഒരു നിശബ്ദവിജയമായിരുന്നു.
 
മുഖ്യമന്ത്രി മാധവന്‍ എന്ന കഥാപാത്രത്തെ ബാലചന്ദ്രമേനോനും ഡിവൈഎസ്പി ജോണ്‍ എന്ന കഥാപാത്രത്തെ സായ്കുമാറും ഡി ജി പി ഹരിപ്രസാദ് എന്ന കഥാപാത്രമായി മുരളിയും അഭിനയിച്ചു. ദിവ്യാ ഉണ്ണിയും വാണി വിശ്വനാഥുമായിരുന്നു നായികമാര്‍. ജ്യോതിഷപണ്ഡിതനായ പട്ടേരിയായി തിലകന്‍ അഭിനയിച്ചു.
 
ഫീല്‍ ദി ചില്‍ എന്ന ടാഗ് ലൈനുമായി വന്ന സിനിമ മികച്ച വിജയം നേടി. ഭരത് പട്ടേരിയുടെ പക്വതയാര്‍ന്ന അന്വേഷണരീതികളായിരുന്നു ദി ട്രൂത്തിന്‍റെ ഹൈലൈറ്റ്. തമിഴില്‍ ഉണ്‍‌മൈ എന്ന പേരിലും തെലുങ്കില്‍ ഡല്‍ഹി സിംഹം എന്ന പേരിലും ചിത്രം ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചു.
Next Article