ആ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തകര്‍ന്ന് തരിപ്പണമായതെങ്ങനെ?
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (16:58 IST)
പ്രിയദര്‍ശന്‍റെ സിനിമകള്‍ മെഗാഹിറ്റാകുന്നത് വലിയ കാര്യമല്ല. കാരണം ബ്ലോക്ബസ്റ്ററുകള്‍ സൃഷ്ടിക്കുക എന്നത് പ്രിയദര്‍ശന്‍റെ ശീലമാണ്. കിലുക്കവും ചിത്രവും തേന്‍മാവിന്‍ കൊമ്പത്തും ആര്യനും വെള്ളാനകളുടെ നാടുമൊക്കെ ഓര്‍മ്മിക്കുന്നവര്‍ ഒരു പ്രിയന്‍ സിനിമ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതിനെ വലിയ സംഭവമായി വിശേഷിപ്പിക്കുകയുമില്ല. ‘ഒപ്പം’ വമ്പന്‍ ഹിറ്റായപ്പോഴും ഏവരും പറഞ്ഞു - പ്രിയനല്ലേ, സ്വാഭാവികം!
എന്നാല്‍, ജനപ്രിയമായ ചേരുവകള്‍ വളരെക്കൂടുതലുണ്ടായിട്ടും ബോക്സോഫീസില്‍ തകര്‍ന്നുപോയ ചില പ്രിയദര്‍ശന്‍ ചിത്രങ്ങളുണ്ട്. ഇപ്പോള്‍ ടിവിയില്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുകയും വരുമ്പോഴെല്ലാം മലയാളികള്‍ ചാനല്‍ മാറ്റാതെ കണ്ടിരിക്കുകയും ചെയ്യുന്ന ചില സിനിമകള്‍. മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, വെട്ടം തുടങ്ങിയ സിനിമകള്‍. ടിവിയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടങ്ങാതെ ചാനലുകള്‍ ഈ സിനിമകള്‍ കാണിച്ചുകൊണ്ടിരിക്കുന്നു.
ഈ പറഞ്ഞ നാലുസിനിമകളും മലയാളികളെ മടുപ്പിക്കുന്നതേയില്ല. എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഈ സിനിമകള്‍ റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകര്‍ നിരാകരിക്കാന്‍ കാരണം? അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മാറാനാണ് സാധ്യത. കാരണം സിനിമയിലെ വിജയങ്ങള്‍ നിര്‍വചിക്കാന്‍ പ്രയാസമാണ്. മുന്‍കൂട്ടിക്കാണാനും.
ശ്രീനിവാസന്‍റെ തിരക്കഥയിലാണ് പ്രിയദര്‍ശന്‍ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവും മിഥുനവും എടുത്തത്. നല്ല പാട്ടുകളും ഒന്നാന്തരം കോമഡി രംഗങ്ങളും മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങളും മികച്ച വിഷ്വലൈസേഷനുമെല്ലാം ആ സിനിമകള്‍ക്കുണ്ടായിരുന്നു. എല്ലാവര്‍ക്കും മനസിലാകുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങളായിരുന്നു ആ സിനിമകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ജനം തിയേറ്ററുകളില്‍ കയറിയില്ല.
വന്ദനം ട്രാജിക് ക്ലൈമാക്സ് വിനയായ സിനിമയാണെന്ന് ഇപ്പോള്‍ വേണമെങ്കില്‍ കുറ്റം പറയാം. എന്നാല്‍ ആ സിനിമയ്ക്ക് അതിലും നല്ലൊരു ക്ലൈമാക്സ് നിര്‍ദ്ദേശിക്കാന്‍ പറഞ്ഞാല്‍ മറുപടി നല്‍കുക ബുദ്ധിമുട്ടാണ്. കാരണം ആ സിനിമയ്ക്ക് ഏറ്റവും ചേര്‍ന്ന ക്ലൈമാക്സ് തന്നെയാണ് പ്രിയന്‍ ഒരുക്കിയത്. ഇന്നത്തേക്കാലത്ത് ആ ക്ലൈമാക്സിന് നിലനില്‍പ്പില്ലെങ്കില്‍ പോലും, ഇപ്പോള്‍ ആ ചിത്രമെടുത്താലും അങ്ങനെ തന്നെ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രികത ആ ചിത്രത്തിനുണ്ട്. ഒരു കോമഡിച്ചിത്രത്തില്‍ ഇത്രയും ഗംഭീരമായി ഒരു ത്രില്ലര്‍ പ്ലോട്ട് എങ്ങനെ സന്നിവേശിപ്പിച്ചു എന്ന് അതിശയിപ്പിക്കും വിധം ചേര്‍ന്നുകിടക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് വന്ദനത്തിന്‍റെ പ്രത്യേകത.
വെട്ടം എന്ന സിനിമയുടെ എഴുത്തില്‍ ഉദയന്‍ - സിബി കൂട്ടുകെട്ടിന്‍റെ പങ്കാളിത്തവുമുണ്ട്. എന്നാല്‍ വെട്ടം പൂര്‍ണമായും ഒരു പ്രിയദര്‍ശന്‍ ചിത്രം തന്നെയാണ്. ഒരു ഹോട്ടലിലെ കണ്‍ഫ്യൂഷന്‍ കോമഡിയാണ് സിനിമയുടെ ഹൈലൈറ്റ്. എത്ര തവണ കണ്ടാലും മതിവരാതെ വീണ്ടും വീണ്ടും കണ്ടിരിക്കാം ആ രംഗങ്ങള്‍. കണ്‍ഫ്യൂഷന്‍ കോമഡിയുടെ ബൈബിളായി ആ സിനിമയെ വിലയിരുത്തിയാലും അതിശയോക്തിയല്ല. ‘ഒപ്പം’ ദൃശ്യവിസ്മയമാക്കിയ ഏകാംബരം തന്നെയാണ് വെട്ടവും ക്യാമറയിലാക്കിയത്. അതിഗംഭീരമായ വിഷ്വലൈസേഷന്‍. ചില ഹിന്ദി ഈണങ്ങളോട് സാമ്യം തോന്നുമെങ്കിലും ഇഷ്ടം കൂടുന്ന പാട്ടുകള്‍. ഒന്നാന്തരം ലൊക്കേഷനുകള്‍. ഒരു യാത്രയുടെ പശ്ചാത്തലം. ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വെട്ടം ചിരിപ്പിക്കുന്നതില്‍ 110 ശതമാനം വിജയിച്ച സിനിമയാണ്. എന്നാല്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാന്‍ അതിനും യോഗമുണ്ടായില്ല.
ഈ നാലുസിനിമകളും ഇപ്പോഴായിരുന്നു ഇറങ്ങിയിരുന്നതെങ്കില്‍ എന്ന് ആലോചിച്ച് നോക്കൂ. റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന സിനിമകളായി അവ മാറിയേനേ. ഒന്നിനൊന്ന് മികച്ച സിനിമകള്‍ മാത്രമിറങ്ങിയിരുന്ന കാലങ്ങളിലാണ് ഈ സിനിമകള്‍ റിലീസ് ചെയ്തത് എന്നതാണ് അവയുടെ ദുര്‍വിധി. വല്ലപ്പൊഴുമൊരിക്കല്‍ പ്രതീക്ഷയുടെ മിന്നലാട്ടങ്ങള്‍ തെളിയുന്ന ഇക്കാലത്തായിരുന്നു മിഥുനത്തിലെ സേതു പ്രശ്നങ്ങള്‍ക്കുമേല്‍ പ്രശ്നങ്ങളുമായി ഓടിനടന്നിരുന്നതെങ്കില്‍, മുകുന്ദേട്ടനും സുമിത്രയും പ്രണയിച്ചിരുന്നതെങ്കില്‍, വന്ദനത്തിലെ ജോഡി വേര്‍പെട്ട് പോയിരുന്നതെങ്കില്‍, വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയും ഗോപിയും ട്രെയിനില്‍ ആടിപ്പാടിയിരുന്നതെങ്കില്‍ - കോടികള്‍ കിലുങ്ങുന്ന പ്രിയദര്‍ശന്‍ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് അവയും ചേര്‍ന്നുകിടക്കുമായിരുന്നു.