മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയാകുകയാണ്. രണ്ട് മഹാഭാരത കഥയാണ് ഇന്ത്യൻ സിനിമ ഇനി പറയാൻ പോകുന്നത്. എംടിയുടെ രണ്ടാമൂഴം 600 കോടി പ്രോജ്കടിൽ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറി. അതേസമയം തന്നെയാണ് 400 കോടി ബജറ്റിൽ മഹാഭാരതകഥ പറയാൻ എസ് എസ് രാജമൗലിയും തയ്യാറാകുന്നുവെന്ന വാർത്ത വന്നത്.
ഭീമനെ കേന്ദ്രകഥാപാത്രമാക്കിയുള്ള എം ടിയുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ കര്‍ണ്ണനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള രാജമൗലിയുടെ മഹാഭാരതവും അണിയറയിൽ ഒരുങ്ങുന്നു. രണ്ടാമൂഴത്തിൽ ഭീമനായി മോഹൻലാൽ എത്തുമ്പോൾ രാജമൗലിയുടെ മഹാഭാരത്തിൽ കൃഷ്ണനായി ആമിര്‍ ഖാനും കര്‍ണ്ണനായി ഷാരൂഖ് ഖാനും എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയ ശേഷം എസ് എസ് രാജമൗലി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് വലിയ സ്വപ്‌നമാണെന്നും എന്നാല്‍ അങ്ങനെ ഒരു സിനിമ ഇപ്പോള്‍ ആലോചനയിലേ ഇല്ലെന്നും രാജമൗലി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും നേര്‍ക്കുനേര്‍ ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതും കുരുക്ഷേത്ര യുദ്ധം.
ബാഹുബലിക്കായി മൂന്നരവർഷമാണ് മാറ്റിവച്ചതെങ്കിൽ ഈ പ്രോജ്കടിന് അദ്ദേഹം മാറ്റിവയ്ക്കുക അഞ്ച് വർഷമായിരിക്കും. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലി ഒരുക്കുന്നത്.
അടുത്ത വർഷം സിനിമയുടെ തിരക്കഥ പൂർത്തിയാക്കാനാണ് രാജമൗലിയുടെ തീരുമാനം. 400 കോടിയിലായി മൂന്നുഭാഷകളിൽ ഒരുക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ കൃഷ്ണന്‍, കര്‍ണ്ണന്‍ എന്നീ വേഷങ്ങള്‍ ചെയ്യാന്‍ ആമിര്‍ ഖാനും ഷാരൂഖ് ഖാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.