ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയാണ് ജോണി വാക്കർ. മമ്മൂട്ടിയെ നായകനാക്കി 1992 ൽ അദ്ദേഹം സംവിധാനം ചെയ്ത ജോണി വാക്കർ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനായി ജയരാജ് മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ, 'വേണ്ട' എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ ദുൽഖറിനെയും ജയരാജ് സമീപിച്ചു.
സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയെയും ദുൽഖറിനെയും സമീപിച്ചിരുന്നുവെന്നും അവർക്ക് രണ്ടാം ഭാഗം ചെയ്യാൻ താത്പര്യം ഇല്ലെന്നും ജയരാജ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പല ചിത്രങ്ങളും റീറിലീസ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജയരാജിന്‍റെ ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സില്ലിമോങ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജിന്റെ പ്രതികരണം.
'ജോണി വാക്കർ 2 ചെയ്യാൻ മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞതാണ്. സിനിമ വന്നാൽ ബ്ലോക്ക് ബസ്റ്റർ അടിക്കുമെന്നും ഉറപ്പാണ്. പക്ഷെ അവർക്ക് രണ്ട് പേർക്കും അത്ര താല്പര്യം ഇല്ല. തത്കാലം അത് മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ പൂർണമായും ഉപേഷിച്ചിട്ടില്ല. 90 ൽ പുറത്തിറങ്ങിയ ജോണി വാക്കർ ഇപ്പോഴും ട്രെൻഡിൽ നിൽക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.