Toxic Movie: 600 കോടിയും കടന്ന് ബഡ്ജറ്റ്, തുടര്‍ച്ചയായി റീഷൂട്ടുകള്‍; ഗീതുവില്‍ നിന്നും ടോക്‌സികിന്റെ സംവിധാനം ഏറ്റെടുത്ത് യാഷ് ?

നിഹാരിക കെ.എസ്

ബുധന്‍, 27 ഓഗസ്റ്റ് 2025 (13:48 IST)
യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് ടോക്സിക്ക്. കെ.ജി.എഫിന് ശേഷം യാഷ് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കിയാരാ അദ്വാനി, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കെജിഎഫ് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം യാഷിന്റെ അടുത്ത പ്രൊജക്ടായി പ്രഖ്യാപിച്ച സിനിമയാണ് ടോക്സിക്. 
 
പ്രഖ്യാപനം മുതൽ ഇന്ന് വരെ ടോക്സിക് സിനിമാ ലോകത്തിനും പ്രേക്ഷകർക്കും കൗതുക കാഴ്ചയാണ്. തീർത്തും രണ്ട് തലങ്ങളിൽ നിൽക്കുന്നവരായാണ് ​ഗീതു മോ​ഹൻദാസിനെയും യാഷിനെയും പ്രേക്ഷകർ കാണുന്നത്. ​മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്ക്. 
 
എന്നാൽ ടോക്സിക്കിന്റെ ഷൂട്ട് രണ്ട് വർഷത്തോളമായി നീണ്ട് പോകുകയാണ്. 2023 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഇതുവരേയും പൂര്‍ത്തിയാക്കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം 60 ശതമാനം വരേയെ ചിത്രീകരണം കഴിഞ്ഞിട്ടുള്ളൂ. ബജറ്റ് പ്രതീക്ഷിച്ചതിലും അധികമായി. ഇപ്പോൾ തന്നെ 600 കോടിയോളം സിനിമയ്ക്കായി ചിലവാക്കി കഴിഞ്ഞു. 
 
കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ടോക്സിക് ​ഗീതുവിനൊപ്പം യാഷ് കോ ഡയരക്ട് ചെയ്യുന്നു എന്നാണ് അഭ്യൂഹങ്ങൾ. മുംബെെയിലെ ഷെഡ്യൂൾ പൂർണമായും ഷൂട്ട് ചെയ്തത് യാഷ് ആണെന്നും പല ഡയലോ​ഗുകളും എഴുതിയത് യാഷ് ആണെന്നും വാദമുണ്ട്. സംവിധാന സ്ഥാനത്തുള്ള ​ഗീതുവിനെ മാറ്റി നിർത്തുകയാണോ യാഷ് എന്ന് ചോദ്യങ്ങൾ വന്നു. 
 
യാഷ് നേരത്തെ തന്നെ ടോക്സിക്കിന്റെ തിരക്കഥയുടെ ഭാ​ഗമാണ്. ടോക്സിക്കിന്റെ നിർമാതാക്കളിൽ ഒരാളുമാണ് യാഷ്. യാഷ് അമിതമായി ഇടപെടുന്നത് സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പലപ്പോഴായി ഷൂട്ട് നിര്‍ത്തി വെക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യാഷ പല രംഗങ്ങളും വീണ്ടും ചിത്രീകരിക്കുകയും അഭിനേതാക്കളെ മാറ്റുകയുമൊക്കെ ചെയ്യുന്നത് പതിവായതും സിനിമയുടെ ചിത്രീകരണത്തിന് തടസമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രയും വലിയ പ്രൊജക്ട് നീണ്ട് പോകുന്നത് സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. ഷൂട്ട് ചെയ്ത ചില സീനുകൾ യാഷിന് ഇഷ്ടപ്പെ‌ട്ടില്ലെന്നും ഇതാണ് റീ ഷൂട്ടുകൾക്ക് കാരണമെന്നും വാദമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍