മമ്മൂട്ടിയുടെ പിഎ ആണോ രമേശ് പിഷാരടിയെന്ന് വരെ ചിലർ ചോദിക്കാറുണ്ട്. അമ്മ സംഘടനയുടെ മീറ്റിംഗിനും മറ്റ് ഷോകൾക്കുമെല്ലാം മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയെയും കാണാം. പൊതുവെ അധികമാരോടും അടുക്കാത്തയാളാണ് മമ്മൂട്ടി. എന്തുകൊണ്ട് രമേശ് പിഷാരടി പ്രിയപ്പെട്ടവനായെന്ന ചോദ്യം ഉയരാറുണ്ട്. ഇതിന് ഉത്തരം അറിയാൻ ശ്രമിച്ചിട്ടില്ലെന്നാണ് രമേശ് പിഷാരടി ഒരിക്കൽ പറഞ്ഞത്.
മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ റിയാസ് നർമകല. ഇഷ്ടമുള്ളവരോട് സംസാരിക്കാൻ മമ്മൂട്ടിക്ക് ഇഷ്ടമാണെന്ന് റിയാസ് നർമകല പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. റോഷാക്കിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് റിയാസ് നർമകല പങ്കുവെച്ചത്. പിഷാരടി ഇടയ്ക്ക് സെറ്റിൽ വരുമെന്നും അവരുടെ കെമിസ്ട്രി ഭയങ്കരമാണെന്നും റിയാസ് പറയുന്നു. ഒരു വ്യക്തിയോടുള്ള ഇഷ്ടമാണതെന്നും റിയാസ് നർമകല പറഞ്ഞു.
രമേശ് പിഷാരടിക്ക് വേറെ ജോലിക്കൊന്നും പോകണ്ടേ എന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ജോലികളെല്ലാം തീർത്തിട്ടാണ് വരുന്നതെന്ന് റിയാസ് നർമകല മറുപടി നൽകി. അദ്ദേഹം എപ്പോഴും അവിടെ ഇല്ല. പക്ഷെ മീഡിയ കാണുമ്പോൾ അവിടെ ഉണ്ടാകും. മമ്മൂട്ടിക്ക് അങ്ങനെ ഇഷ്ടമുള്ള കുറേ പേരുണ്ട്. കുഞ്ചൻ ചേട്ടൻ ഉൾപ്പെടയുള്ളവർ മമ്മൂട്ടിക്ക് പ്രിയപ്പെട്ടവരാണെന്നും റിയാസ് നർമകല വ്യക്തമാക്കി.