‘സാമൂഹിക പ്രതിബദ്ധത മാത്രമല്ല കാരണം’- കേരളത്തെ സഹായിച്ചതിന് വ്യക്തമായ കാരണമുണ്ടെന്ന് വിജയ് ദേവരക്കൊണ്ട

ബുധന്‍, 29 ഓഗസ്റ്റ് 2018 (11:54 IST)
കേരളം പ്രളയക്കയത്തിൽ മുങ്ങിയപ്പോൾ പിടിച്ചുയർത്താൻ ആയിരം കൈകളാണ് ഉയർന്ന് വന്നത്. സഹായത്തിന്റെ കൈകൾ രാജ്യം കടന്നുമെത്തി. സിനിമ, സാംസ്കാരിക മേഖലകളിലെ നിരവധി പേരാണ് കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്നത്. ഇതിൽ തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയും ഉണ്ടായിരുന്നു.
 
തെലുങ്കില്‍ നിന്ന് ആദ്യം സഹായമെത്തിച്ചത് അര്‍ജ്ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരക്കൊണ്ടയാണ്. 5ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്. പണം നല്‍കിയത് തന്റെ സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രമല്ലെന്ന് വിജയ് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് കേരളത്തിന് പണം നല്‍കാനിടയായ സാഹചര്യം താരം വ്യക്തമാക്കിയത്.
 
‘സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട് മാത്രമല്ല സഹായം ചെയ്യുന്നത്. ഞാനിപ്പോള്‍ ചെറിയൊരു നിലയില്‍ എത്തിക്കഴിഞ്ഞു. കുറച്ച് പൈസ കയ്യിലുണ്ട്. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇതുമതി. അതിനിടയിലാണ് കേരളത്തില്‍ സംഭവിച്ച ദുരന്തം അറിയുന്നത്. എനിക്കെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് അഞ്ചു ലക്ഷം രൂപയായിരുന്നു. അതു ഞാന്‍ സംഭാവന നല്‍കുകയും ചെയ്തു’ വിജയ് പറഞ്ഞു.
 
സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് സൂപ്പര്‍ നായക പദവിയിലേയ്ക്കുയര്‍ന്നത്. നടന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് മാധ്യമങ്ങളും സാമൂഹികപ്രവര്‍ത്തകരും ജനങ്ങളും മുന്നോട്ടു വന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍