മതസംഘടനകളുമായി ബന്ധമുള്ളവർ പാർട്ടിയിൽ വേണ്ട: കർശന നിർദേശങ്ങളുമായി രജനികാന്ത്

ബുധന്‍, 29 ഓഗസ്റ്റ് 2018 (11:43 IST)
മത - സാമുദായിക സംഘടനകളുടെ ചുമതല വഹിക്കുന്നവർ മക്കൾ മൺ‌ട്രത്തിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് സംഘടന. രാഷ്ടീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ആരാധകർക്കുള്ള മാർഗനിർദേശങ്ങളുമായി രജനികാന്ത് രംഗത്തെത്തിയത്. 
 
ആരാധകരുടെ സംഘടനയായ രജനി മക്കൾ മൺട്രം പ്രവർത്തകർക്കുള്ള നിർദേശങ്ങളും അംഗത്വത്തിനുള്ള യോഗ്യതകളും അടങ്ങിയ ബുക്ക്‌ലെറ്റിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 18 വയസ് കഴിഞ്ഞവർക്കു മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. വാഹനങ്ങളിൽ സംഘടനയുടെ കൊടി ഉപയോഗിക്കരുത്. കുടുംബത്തിൽ ഒരാൾക്കു മാത്രമേ ഭാരവാഹിത്വം ലഭിക്കുകയുള്ളൂ എന്നിവയാണു മറ്റു നിര്‍ദേശങ്ങള്‍.
 
രാഷ്ടീയത്തിലിറങ്ങും എന്ന പ്രഖ്യാപനം നടത്തി മാസങ്ങളായെങ്കിലും രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഗണപതിയുടെ കല്യാണം പോലെ നീണ്ടുപോവുകയാണെന്നാണ് പരക്കെയുള്ള സംസാരം. നിലവിൽ ആരാധക സംഘടനയായ രജനി മക്കൾ മൺട്രം കേന്ദ്രീകരിച്ചാണു പ്രവർത്തനം. 
 
സ്ത്രീകളോടു ബഹുമാനത്തോടെ പെരുമാറണം. എതിരഭിപ്രായം ഉള്ളവരെ അക്രമിക്കരുത്. യുവജന വിഭാഗത്തിന്റെ പ്രായ പരിധി 35 വയസാണ്. രാജ്യത്തെ നിയമ വ്യവസ്ഥിതി അംഗീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പുറത്തിറക്കിയ ബുക്ൿലെറ്റിൽ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍