സൂപ്പര്‍ താരങ്ങളെ അണിനിരത്തി ട്വന്റി 20 പോലൊരു സിനിമ; ഖത്തറിലെ ഷോ റദ്ദാക്കിയതിനു കാരണം സ്‌പോണ്‍സര്‍മാര്‍ വാടക കൊടുക്കാത്തത് !

രേണുക വേണു

ശനി, 9 മാര്‍ച്ച് 2024 (19:42 IST)
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന താരനിശ റദ്ദാക്കിയതിനു സ്‌പോണ്‍സര്‍മാര്‍ വാടക കൊടുക്കാത്തത്. പരിപാടി നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക സ്‌പോണ്‍സര്‍മാര്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. ഷോ നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് വേദിയുടെ അധികൃതര്‍ സ്റ്റേഡിയം പൂട്ടി. ഇതോടെ ഷോ റദ്ദാക്കേണ്ട അവസ്ഥയായി. ഷോ നടത്തുന്നതിനായി ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതിയും സ്‌പോണ്‍സര്‍മാര്‍ നേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഷോയുടെ നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. വാടക കൃത്യമായി നല്‍കാത്തതിനാല്‍ സ്റ്റേഡിയത്തിലേക്കുള്ള പാര്‍ക്കിങ്ങും നിരോധിച്ചിരുന്നു. ഷോ കാണാന്‍ എത്തിയവരുടെ വാഹനങ്ങള്‍ പുറത്ത് പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയായി. ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ '91' ഉറപ്പുനല്‍കിയതോടെയാണ് സ്ഥിതി അല്‍പ്പമെങ്കിലും ശാന്തമായത്. പൊലീസ് എത്തി കാണികളെ പിരിച്ചുവിടുകയും ചെയ്തു. 
 
നൂറോളം താരങ്ങളുടെ മടക്ക വിമാനടിക്കറ്റും സ്‌പോണ്‍സര്‍മാര്‍ പണം കൊടുക്കാതിരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് നിര്‍മാതാക്കളാണ് പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കോടികളുടെ നഷ്ടമാണ് ഷോ റദ്ദാക്കിയതു മൂലം ഉണ്ടായത്. പത്തു കോടിയോളം രൂപ പരിശീലനത്തിനും യാത്രയ്ക്കും താമസത്തിനുമായി മാത്രം ചെലവായിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു വേണ്ടി ധനശേഖരണത്തിന് താര സംഘടനയായ 'അമ്മ'യുമായി ചേര്‍ന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. 
 
സ്റ്റേജ് ഷോ റദ്ദാക്കിയതിനു പകരം നിര്‍മാതാക്കള്‍ക്കു വേണ്ടി 'അമ്മ' സംഘടന ഒരു സിനിമ ചെയ്യാമെന്നു ധാരണയായിട്ടുണ്ട്. 'അമ്മ'യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നുള്ള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ അണിനിരക്കും. ട്വന്റി 20 പോലൊരു സിനിമയെ കുറിച്ചാണ് ആലോചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍