സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ. വൺ എന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ, മമ്മൂട്ടിക്കും മുന്നേ മോഹൻലാൽ കേരള മുഖ്യമന്ത്രി ആയിട്ടുണ്ട്. അതും റിയൽ ലൈഫിൽ. സംഭവം മറ്റൊന്നുമല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തെറ്റിദ്ധരിച്ച് മോഹൻലാലിന്റെ പടം വെച്ച് ഉത്തരേന്ത്യന്‍ കമ്പനി ഇട്ട പോസ്റ്റാണ് സംഭവത്തിനു പിന്നിൽ.
കേരള മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്ന പേരിൽ പോസ്റ്റ് ചെയ്ത് ബാനറിൽ മോഹൻലാലിന്റെ ഫോട്ടോ ആണ് നൽകിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്.
2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചിട്ട പോസ്റ്റിലാണ് സംഭവം. കോമ്രേഡ് എന്ന പേരില്‍ സംവിധായകന്‍ ശ്രീകുമാര്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. കമ്പനി തയ്യാറാക്കിയ കാര്‍ഡില്‍ ഈ ചിത്രം ലഭിച്ചത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്നാല്‍ വിവരം ഫേസ്ബുക്കില്‍ പലരും ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തു.