'സിനിമ നിങ്ങളുടെ കുടുംബസ്വത്താണോ? പോയ് ഭാര്യയോടും മകളോടും പറ'; സുരേഷ്കുമാറിനെതിരെ വിനായകന്‍

നിഹാരിക കെ.എസ്

ബുധന്‍, 12 ഫെബ്രുവരി 2025 (09:10 IST)
അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നടൻ വിനായകൻ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കേണ്ട എന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നും ഇത് ഇന്ത്യയാണെന്നും വിനായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമ സുരേഷ്കുമാറിന്‍റെയും കൂടെ നില്‍ക്കുന്നവരുടെയും കുടുംബസ്വത്തല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
 
വിനായകന്‍റെ കുറിപ്പിങ്ങനെ: 'സിനിമ തന്‍റെയും തന്‍റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ്  കുമാറേ. അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തന്‍റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും  ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്.'
 
മലയാള സിനിമയില്‍ 100 കോടി ക്ലബ് വെറും പൊള്ളയാണെന്നായിരുന്നു നിര്‍മാതാവ് ജി. സുരേഷ്കുമാറിന്‍റെ വെളിപ്പെടുത്തൽ. ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത 28 സിനിമകളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. നിര്‍മാതാവ് വെറും കാഷ്യറായി മാറി. . സിനിമ നിര്‍മിക്കാന്‍ വേറെ ആളെ നോക്കണം. താരങ്ങളുടെ നിര്‍മാണക്കമ്പനികളും പൂട്ടുമെന്നും അദ്ദേഹം തുറന്നടിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍