കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് അവസരങ്ങള്‍ കുറവാണെന്ന് നടി പാർവതി തിരുവോത്ത്. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്നും പാര്‍വതി വ്യക്തമാക്കി. പുരുഷന്‍മാര്‍ക്ക് മുന്നിലുള്ള ചോയ്‌സുകളുടെ ഒരു ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
'സ്ത്രീകള്‍ക്ക് ചോയ്‌സുകള്‍ കുറയുന്നത് മലയാള സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നുണ്ട് ഇത്. അവസരങ്ങള്‍ കുറവായതിനാല്‍ ഇഷ്ടമുള്ളത് മാത്രം തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം എങ്ങനെയായിരിക്കണമെന്ന വിഷയം അടുത്തിടെ വലിയ ചര്‍ച്ചയായിട്ടുണ്ട്. സമൂഹത്തില്‍ എല്ലാ മേഖലയിലും സ്ത്രീകളെ കാണാന്‍ കഴിയും. യാഥാര്‍ഥ്യം അതാണെങ്കിലും ഇത് സിനിമകളില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണ്. നമുക്ക് ചുറ്റും നിരവധി സ്ത്രീകളുടെ കഥളുണ്ട്. ഇവര്‍ സ്‌ക്രീനില്‍ എത്തേണ്ടത് പ്രധാനമാണ്' പാര്‍വതി പറഞ്ഞു.
'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, നമ്മെ പിന്നോട്ട് വലിക്കുന്നത് ആരാണോ, അവര്‍ പവര്‍ ഗ്രൂപ്പാകാം, അല്ലെങ്കില്‍ അവര്‍ പവര്‍ ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ് എന്ന് പറയാം. എന്നാല്‍ എല്ലാം തുറന്നു പറയേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് കരുതുന്നില്ലെന്നും' പാര്‍വതി പറഞ്ഞു.