മഗിഴ് തിരുമേനി സംവിധാനം ചെയ്ത് അജിത്ത് നായകനായ ചിത്രമാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച റെസ്പോൺസ് ആയിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് അഞ്ചാം ദിവസമായ ഇന്ന് വലിയ ഡ്രോപ്പ് ആണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് ആകുന്നില്ല.
ചിത്രത്തിന്റെ മോശം പ്രതികരണങ്ങൾ കാരണം പലയിടത്തും സിനിമയ്ക്ക് സ്ക്രീനുകൾ നഷ്ടപ്പെട്ടിരിക്കുന്നെന്നും പകരം മണികണ്ഠൻ നായകനായ 'കുടുംബസ്ഥൻ' എന്ന സിനിമ പ്രദർശിപ്പിക്കുകയാണെന്നുമാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ച ആയ ഇന്ന് വെറും 4 കോടി മാത്രമാണ് തമിഴ്നാട്ടിൽ നിന്നും വിടാമുയർച്ചിക്ക് നേടാനായത്. ഇതോടെ പല സ്‌ക്രീനുകളും കുടുംബസ്ഥനിലേക്ക് ഷിഫ്റ്റ് ചെയ്തു.
മണികണ്ഠൻ നായകനായി എത്തിയ സിനിമയ്ക്ക് റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതുവരെ നേടിയത് 27 കോടിയോളമാണ്. മണികണ്ഠന്റെ പ്രകടനത്തിനും സിനിമയുടെ തിരക്കഥയ്ക്കും വലിയ കൈയ്യടികളാണ് ലഭിക്കുന്നത്. രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ചിത്രം മണികണ്ഠന്റെ തുടർച്ചയായ മൂന്നാമത്തെ ഹിറ്റ് സിനിമയാണ്.