'തൊപ്പി ഊരാൻ പറ്റില്ല, തലയിൽ ഒരു താജ്മഹൽ പണിത് വെച്ചേക്കുവാ'; ചിരിപ്പിച്ച് ബേസിലിന്റെ 'മരണമാസ്സ്' വീഡിയോ, പണി കൊടുത്ത് ടോവിനോ
ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായകൻ. ഒരു കോമഡി എൻ്റർടൈയ്നറായാണ് മരണമാസ്സ് ഒരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
തലയിൽ തൊപ്പി വെച്ചുകൊണ്ട് ബേസിൽ ജോസഫ് അഭിമുഖങ്ങളിലും മറ്റു പരിപാടികളിലും എത്തുന്നതും ബേസിലിനോട് എല്ലാവരും തൊപ്പി ഊരാൻ ആവശ്യപ്പെടുന്നതും ആണ് വീഡിയോയിലെ ഉള്ളടക്കം. ഒപ്പം ബേസിലിന്റെ തമാശ കലർന്ന മറുപടികളും ചിരിയുണർത്തുന്നുണ്ട്. ടോവിനോ തോമസ് ആണ് ബേസിലിന്റെ ഈ ചിരിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'തൊപ്പി ഊരാൻ പറ്റില്ല, തലയിൽ ഒരു താജ്മഹൽ പണിത് വെച്ചേക്കുവാ', 'തല ചീഞ്ഞളിഞ്ഞ് ഇരിക്കയാണ് സാർ' എന്നിങ്ങനെയാണ് ബേസിലിന്റെ മറുപടികൾ. വാഴ, ഗുരുവായൂരമ്പല നടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.