ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന്. വിദേശത്ത് നിന്ന് മാത്രമായി 31.4 കോടി രൂപ നേടിയിരിക്കുകയാണ് മാര്‍ക്കോ എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്. 100 കോടിയും കടന്ന് മുന്നേറ്റം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ, മാർക്കോ സംബന്ധിച്ച പുതിയൊരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
മാർക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവും ഉണ്ണി മുകുന്ദനും ഉറപ്പ് നൽകിയിരുന്നു. മാർക്കോ വിജയ പ്രദർശനം തുടരുന്നതിനെയായിരുന്നു ഉണ്ണി മുകുന്ദന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇപ്പോഴിതാ, മാർക്കോ 2 ൽ നടൻ വിക്രം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. മാർക്കോയ്ക്ക് വില്ലനായി വരിക വിക്രം ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ നിർമ്മാതാവും വിക്രമും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഈ അഭ്യൂഹം.
തമിഴകത്തിന്റെ പ്രിയ താരം വിക്രത്തിനൊപ്പമുള്ള ഫോട്ടോയാണ് ഷെരീഫ് മുഹമ്മദ് പങ്കിട്ടത്. ചിയാൻ വിക്രമിനൊപ്പമുള്ള നിമിഷങ്ങൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. മാർക്കോ രണ്ടാം ഭാഗത്തിൽ വിക്രം ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമന്റുകൾ. മാർക്കോ 2വിൽ വിക്രം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വിക്രം കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നുമാണ് കമന്റുകൾ.