റിലീസ് ദിവസം തന്നെ വളരെവലിയ വിവാദം സൃഷ്‌ടിച്ച വിജയ് ചിത്രമായിരുന്നു സർക്കാർ. ശേഷം ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയും ചെയ്‌തു. ഇതൊന്നും കൂടാതെ റിലീസ് ചെയ്‌ത് രണ്ടാം ദിവസം തന്നെ ചിത്രം തമിഴ് റോക്കേഴ്‌സ് പുറത്തുവിടുകയും ചെയ്‌തു. എന്നിട്ടും സർക്കാരിനെ ഇതൊന്നും ബാധിച്ചേയില്ല.
ചിത്രം നാലു ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടി നേടിക്കഴിഞ്ഞു. വിജയുടെ തന്നെ ചിത്രമായ 'തെരി'യെ പിന്നിലാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. തിയേറ്ററുകളിലെത്തി രണ്ടാം ദിവസം സര്‍ക്കാര്‍ 100 കോടി നേടിയിരുന്നു. ആദ്യദിനം തന്നെ തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി 30.5 കോടി നേടിയായിരുന്നു ചിത്രത്തിന്റെ കുതിപ്പ്.
കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 6.6 കോടിയാണ്. ബാഹുബലിയുടെ കേരളത്തിലെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടന്നാണ് ഈ നേട്ടം. ബാഹുബലി രണ്ടാം ഭാഗം ആദ്യദിനം കേരളത്തില്‍ നിന്നു നേടിയത് 5.5 കോടിയാണ്. അതേസമയം, ഇന്ത്യയിലെ ആകെ കളക്ഷന്‍ പരിഗണിച്ചാല്‍ ആദ്യദിനം സര്‍ക്കാര്‍ നേടിയത് 47.85 കോടിയാണ്.