പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എമ്പുരാൻ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയ്ക്കുള്ളിലെ ഉള്ളടക്കമാണ് വിവാദത്തിന് കാരണമായത്. ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങളിൽ പ്രതികരണവുമായി നടി ഉർവശി. മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്. നിങ്ങള് ഇങ്ങനെ എടുക്കണം, അങ്ങനെ എടുക്കണം എന്ന് പറയാൻ എന്നാണ് ഉർവശി ചോദിക്കുന്നത്.
എന്റെ സിനിമ എന്റെ സിനിമയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുക എന്നും ഉർവശി പറഞ്ഞു. ഇന്നത്തെ കാലത്ത് സിനിമകൾ എടുക്കുന്ന സമയം പല കാര്യങ്ങളും ശ്രദ്ധിച്ച് എടുക്കേണ്ടി വരുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉർവശി. എമ്പുരാൻ സിനിമ ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം.
ഇങ്ങനെയുളള കാര്യങ്ങളിൽ ഇപ്പോ എനിക്ക് കുറച്ചുകൂടി ആശ്വാസമുണ്ടെന്നും നടി പറയുന്നു. പണ്ടത്തെ പോലെയല്ല, നമ്മുടെ വീടിനടുത്ത് ഒരു 30 വീടുണ്ടെങ്കിൽ അതിൽ കുറഞ്ഞത് ഒരു 10 വീട്ടിൽ എങ്കിലും വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടാവും. ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാവും. അതുകൊണ്ടാണ് പണ്ടത്തെ പോലെ നെഗറ്റീവ് കമന്റ്‌സ് ഇപ്പോൾ അധികം വരാത്തത്. കാരണം അവർക്കറിയാം സിനിമാക്കാർ എന്ത് പ്രയാസപ്പെട്ടാണ് ഒരു ചിത്രം എടുക്കുന്നതെന്ന്.
യൂടൂബിൽ ചാനലുളള ഒരാൾക്ക് പോലും അതിന്റെ ബുദ്ധിമുട്ട് മനസിലാവും, ഉർവശി പറഞ്ഞു. പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായുളള അഭിമുഖത്തിനിടെയാണ് ഉർവശി മനസുതുറന്നത്. അതേസമയം നിലവിൽ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ തിളക്കത്തിലാണ് ഉർവശി. ഉളെളാഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് ഉർവശിക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.