നിവിൻ പോളിയും അജു വർഗീസും സിനിമയിൽ എത്താൻ കാരണം ആരാണെന്ന് ചോദിച്ചാൽ അവരു മാത്രമല്ല ആരാധകർ വരെ ഒരേസ്വരത്തിൽ പറയും - വിനീത് ശ്രീനിവാസൻ. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ 5 മികച്ച അഭിനേതാക്കളെയാണ് വിനീത് മലയാള സിനിമയ്ക്ക് നൽകിയത്. അതിൽ രണ്ട് പേരാണ് അജുവും നിവിനും.
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഇവർ കട്ടഫ്രണ്ട്‌സാണ്. തിര ഒഴികെയുള്ള വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ നിവിന്‍ പോളിയും അജു വര്‍ഗ്ഗീസുമുണ്ട്. വിനീത് ശ്രീനിവാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ സഹസംവിധായകന്റെ റോളിലും അജു ഉണ്ടായിരുന്നു.
വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളിയെയും അജു വര്‍ഗ്ഗീസിനെയും ഒഴിവാക്കി പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ പ്ലാന്‍ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ട്രോളന്‍മാര്‍ രസകരമായ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ്. മോഹന്‍ലാലും ശ്രീനിവാസനും ദാസനും വിജയനുമായി ആദ്യമായെത്തിയ നാടോടിക്കാറ്റിലെ രസകരമായ ഒരു രംഗമാണ് ട്രോള്‍ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
സിനിമാ ഗ്രൂപ്പിലെത്തിയ ട്രോള്‍ ചിരി സമ്മാനിച്ച് ആദ്യം സ്വീകരിച്ചവരില്‍ അജു വര്‍ഗ്ഗീസുമുണ്ടായിരുന്നു. തുടര്‍ന്ന് തന്നെയും നിവിനെയും ട്രോളിയ വീഡിയോ അജു വര്‍ഗ്ഗീസ് ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്തു. താന്‍ നായകനാകുന്ന ട്രോളുകള്‍ ഷെയര്‍ ചെയ്തു അജു ട്രോളന്‍മാരുടെ പ്രിയതാരമാണ്. റെജി ലാൽ ആണ് ഈ വീഡിയോക്ക് പിന്നിൽ.