ഹിറ്റ്‌ലറിലെ മമ്മൂട്ടി മുതല്‍ ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ ദിലീപ് വരെ; മലയാളത്തിലെ ഏറ്റവും ടോക്‌സികും സ്ത്രീവിരുദ്ധരുമായ നായക കഥാപാത്രങ്ങള്‍

വ്യാഴം, 9 ജൂണ്‍ 2022 (10:21 IST)
മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റായ പല സിനിമകളിലേയും നായകവേഷങ്ങള്‍ എത്രത്തോളം ടോക്‌സിക്കും സ്ത്രീവരുദ്ധവുമാണെന്ന് അറിയുമോ? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം പല സിനിമകളിലും ഇത്തരം ടോക്‌സിക് കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും മോശം നായകവേഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
1. ഹിറ്റ്‌ലര്‍ (മമ്മൂട്ടി)
 
അഞ്ച് സഹോദരിമാരേയും താന്‍ വിചാരിക്കുന്ന രീതിയില്‍ മാത്രം ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ഹിറ്റ്‌ലറില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. 1996 ല്‍ റിലീസ് ചെയ്ത ഹിറ്റ്‌ലര്‍ വമ്പന്‍ ഹിറ്റായിരുന്നു. എന്നാല്‍, മലയാള സിനിമയിലെ ഏറ്റവും ടോക്‌സിക്കും സ്ത്രീവിരുദ്ധവുമാണ് ഈ കഥാപാത്രം. സ്വന്തമായി ചിന്തിക്കാനും പ്രവൃത്തിക്കാനും പ്രായമായവരെ താന്‍ വരച്ച വരയിലൂടെ മാത്രം നടത്താന്‍ നോക്കുകയാണ് മാധവന്‍കുട്ടി. സഹോദരിയുടെ ഇഷ്ടവും താല്‍പര്യവും നോക്കാതെ വിവാഹം കഴിപ്പിച്ചു വിടുന്ന അങ്ങേയറ്റം ടോക്‌സിക് ആയ കഥാപാത്രമാണ് മാധവന്‍കുട്ടി.
 
2. പവിത്രം (മോഹന്‍ലാല്‍)
 
ഏറെ ആരാധകരുള്ള കഥാപാത്രമാണ് പവിത്രത്തിലെ മോഹന്‍ലാലിന്റേത്. സഹോദരി മീനാക്ഷിയുടെ ചേട്ടച്ഛനാണ് മോഹന്‍ലാല്‍. ഉണ്ണികൃഷ്ണന്‍ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. വിന്ദുജ മേനോന്‍ അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രത്തോട് വളരെ ടോക്‌സിക് ആയാണ് മോഹന്‍ലാല്‍ കഥാപാത്രം പെരുമാറുന്നത്. മകള്‍ക്ക് സ്വന്തമായി ഇഷ്ടങ്ങളും താല്‍പര്യങ്ങളുമുണ്ടെന്ന് മോഹന്‍ലാല്‍ കഥാപാത്രം മനസ്സിലാക്കുന്നില്ല.
 
3. ഞങ്ങള്‍ സന്തുഷ്ടരാണ് (ജയറാം)
 
ഒരുകാലത്ത് മലയാളികള്‍ ഏറെ ആഘോഷിച്ച കഥാപാത്രമാണ് ഞങ്ങള്‍ സന്തുഷ്ടര്‍ എന്ന ചിത്രത്തിലെ ജയറാമിന്റേത്. സഞ്ജീവന്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ജയറാം അഭിനയിച്ചത്. ഭാര്യ ഗീതുവിനോട് (അഭിരാമി അവതരിപ്പിച്ച കഥാപാത്രം) വളരെ ടോക്‌സിക് ആയാണ് സഞ്ജീവന്‍ പെരുമാറുന്നത്. ഭര്‍ത്താവിനൊപ്പം കുറച്ച് സമയം തനിച്ച് ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഗീതുവിനെ വില്ലത്തിയായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ ഇംഗ്ലീഷ് സംസാരിക്കുന്നതും മലയാളത്തില്‍ പരിജ്ഞാനം കുറവുള്ളതും മഹാ അപരാധമായാണ് സഞ്ജീവന്റെ കഥാപാത്രം കാണുന്നത്.
 
4. വാത്സല്യം (മമ്മൂട്ടി)
 
മേലേടത്ത് രാഘവന്‍ നായര്‍ എന്ന ടോക്‌സിക് കഥാപാത്രത്തെയാണ് വാത്സല്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. വീട്ടിലെ എല്ലാവരും പ്രത്യേകിച്ച് ഭാര്യയും സഹോദരിയും അടക്കമുള്ള പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ള ടോക്‌സിക് കഥാപാത്രമാണ് വാത്സല്യത്തിലെ മമ്മൂട്ടിയുടേത്. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ അത് ഭാര്യയെ അടിച്ച് തീര്‍ക്കുന്ന അങ്ങേയറ്റം ടോക്സിക് കഥാപാത്രമാണ് മേലേടത്ത് രാഘവന്‍ നായര്‍. 
 
5. ഇന്‍സ്‌പെക്ടര്‍ ഗരുഡ് (ദിലീപ്) 
 
ജോണി ആന്റണി സംവിധാനം ചെയ്ത ഇന്‍സ്‌പെക്ടര്‍ ഗരുഡ് 2007 ലാണ് റിലീസ് ചെയ്തത്. ദിലീപ് അവതരിപ്പിച്ച മാധവന്‍കുട്ടി എന്ന നായക കഥാപാത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധവും ടോക്‌സിക്കും ആയിരുന്നു. തന്റെ ഭാര്യ താന്‍ പറയുന്ന ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന് വാശിയുള്ള ആളായിരുന്നു മാധവന്‍കുട്ടി. സിനിമയുടെ അവസാനം ഇത്രയും ടോക്‌സിക് ആയ കഥാപാത്രത്തെ നന്മമരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍