മലയാളത്തിന്റെ മുഖശ്രീ നടിയായിരുന്നു ശ്രീവിദ്യ. മലയാളികൾക്കെല്ലാം ഇഷ്ടമുള്ള താരം. ശ്രീവിദ്യയും കമൽ ഹാസനും തമ്മിലുള്ള പ്രണയം വലിയ ചർച്ചകളായ ഒന്നായിരുന്നു. എന്നാൽ കമൽ ഹാസനോടായിരുന്നില്ല ശ്രീവിദ്യക്ക് എല്ലാ തരത്തിലുമുള്ള പ്രണയം തോന്നിയത് എന്ന് തുറന്നു പറയുകയാണ് സുഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ. ഒരു സ്വകാര്യ ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്.
ജോണ്‍പോളിന്റെ വാക്കുകള്‍-
‘ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്ബത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്‌ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.
ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടുതന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്’.