മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തിയിട്ടും കിങ് ആന്‍ഡ് കമ്മിഷണര്‍ പരാജയപ്പെടാന്‍ കാരണം ഇതാണോ?

ബുധന്‍, 14 ജൂലൈ 2021 (15:12 IST)
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കരിയറില്‍ ഏറ്റവും വലിയ ചലനമുണ്ടാക്കിയ സിനിമയാണ് ദ കിങ്ങും കമ്മിഷണറും. കിങ്ങില്‍ ജോസഫ് അലക്‌സ് ഐഎഎസ് ആയി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചപ്പോള്‍ കമ്മിഷണറില്‍ സുരേഷ് ഗോപിയും ഒട്ടും മോശമാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ട് കഥാപാത്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ സംവിധായകന്‍ ഷാജി കൈലാസ് തീരുമാനിച്ചു. ദ കിങ് ആന്‍ഡ് കമ്മിഷണറിലൂടെ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറക്കി വിടുകയായിരുന്നു ഷാജി കൈലാസും രഞ്ജി പണിക്കരും. മമ്മൂട്ടിയും സുരേഷ് ഗോപിയും സമ്മതം മൂളി. രഞ്ജി പണിക്കര്‍ തിരക്കഥ രചിക്കുകയും ഷാജി കൈലാസ് സംവിധായകനാകുകയും ചെയ്തു. 2011 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. എന്നാല്‍, ദ കിങ്, കമ്മിഷണര്‍ സിനിമകളുടെ നിലവാരത്തിലേക്ക് കിങ് ആന്‍ഡ് കമ്മിഷണര്‍ എത്തിയില്ല. തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. ആരാധകര്‍ പോലും സിനിമയെ ഉപേക്ഷിച്ചു. എന്നാല്‍, കിങ് ആന്‍ഡ് കമ്മിഷണര്‍ പരാജയപ്പെടാനുള്ള കാരണമായി ഷാജി കൈലാസ് ചൂണ്ടിക്കാട്ടുന്നത് സിനിമയുടെ രാഷ്ട്രീയം പ്രേക്ഷകര്‍ക്ക് മനസിലായില്ല എന്നതാണ്. 
 
'കിങ് ആന്‍ഡ് കമ്മിഷണറില്‍ സംസ്ഥാന രാഷ്ട്രീയമല്ല പറഞ്ഞത്. മറിച്ച് ദേശീയ രാഷ്ട്രീയമാണ്. ഡല്‍ഹി രാഷ്ട്രീയം ശ്രദ്ധയോടെ നോക്കിയാല്‍ എല്ലാവര്‍ക്കും ഈ ചിത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കും. ആളുകള്‍ ശ്രദ്ധാപൂര്‍വം ഡല്‍ഹി രാഷ്ട്രീയം നോക്കിക്കാണുമെന്നായിരുന്നു പ്രതീക്ഷ. അതില്‍ പിഴച്ചുപോയി. ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ആളുകള്‍ക്ക് മനസിലായില്ല. കിംഗില്‍ ഇവിടത്തെ പൊളിറ്റിക്‌സാണ് പറഞ്ഞത്. അത് ജനത്തിന് മനസിലായി. കിംഗും കമ്മീഷണറും ആളുകളെ ആകര്‍ഷിച്ച ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളുടെ ഹാംഗോവറുമായാണ് കിംഗ് ആന്റ് കമ്മീഷണര്‍ കാണാനെത്തിയത്. അങ്ങനെയുള്ള സിനിമ പ്രതീക്ഷിച്ച അവര്‍ക്ക് കിട്ടിയത് അതായിരുന്നില്ല,' ഷാജി കൈലാസ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍