അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട, തിയേറ്ററിന് നേരെ ബോംബേറ്; ഞെട്ടലിൽ തമിഴ് സിനിമ

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (11:52 IST)
ശിവകാർത്തികേയൻ നായകനായ അമരൻ ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസങ്ങൾ കടുത്ത പ്രതിഷേധം നടന്നിരുന്നു. ഇപ്പോഴിതാ, ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ ബോംബേറ്. തിരുനെല്‍വേലിയിലാണ് സംഭവം. തമിഴ്നാട് നെല്ലായി ജില്ലയിലെ മേലപാളയത്തെ അലങ്കാര്‍ സിനിമ എന്ന തിയേറ്ററിന് നേരെയാണ് അക്രമം ഉണ്ടായത്. തിയേറ്ററിലെ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനായി അജ്ഞാതരായ രണ്ട് പേർ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
 
ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്. അമരന്‍ പ്രദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലാരാണെന്ന് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് തിരുനെല്‍വേലി പൊലീസ് അറിയിച്ചു.
 
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരനില്‍ ശിവ കാര്‍ത്തികേയനാണ് മേജര്‍ മുകുന്ദ് ആയി വേഷമിട്ടത്. സിനിമയില്‍ കശ്മീരികളെ മോശമായി ചിത്രീകരിക്കുന്നതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി എസ്ഡിപിഐയും ബിജെപിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ചിത്രം സ്‌കൂളുകളിലും കോളേജുകളിലും വ്യാപകമായി പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപിയും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് എസ്ഡിപിഐയും ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article