തുപ്പാക്കി പുടിങ്കെ ശിവാ... ശിവകാർത്തികേയൻ ടയർ വണ്ണിലേക്ക് ഉയർന്നോ? അമരന് ഞെട്ടിക്കുന്ന കളക്ഷൻ

അഭിറാം മനോഹർ

ചൊവ്വ, 5 നവം‌ബര്‍ 2024 (11:29 IST)
തമിഴില്‍ സൂപ്പര്‍ താരമായ വിജയ് സജീവരാഷ്ട്രീയത്തിലേക്കും മറ്റൊരു സൂപ്പര്‍ താരമായ അജിത് മോട്ടോര്‍ റേസിംഗിലും യാത്രകളിലും വലിയ സമയം ചെലവഴിക്കുമ്പോള്‍ ഒരു വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്. രജനീകാന്തും കമല്‍ഹാസനും പ്രായമായതിനാല്‍ തന്നെ ചെയ്യുന്ന ചിത്രങ്ങളും കുറവാണ്. ഈ സാഹചര്യത്തില്‍ സിനിമ വ്യവസായം നിലനില്‍ക്കാന്‍ തമിഴില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
 
 അജിത്- വിജയ്ക്ക് ശേഷം ധനുഷ്- സിലമ്പരസന്‍ എന്നീ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ അജിത്തിനും വിജയ്ക്കും സമാനമായ ജനപ്രീതി സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ താരങ്ങളില്‍ ശിവകാര്‍ത്തികേയനായിരിക്കും വിജയ് ഒഴിച്ചിടുന്ന വിടവ് നികത്തുന്നതെന്നാണ് തമിഴ് മാധ്യമങ്ങളും പറയുന്നത്.വിജയ് സിനിമയായ ഗോട്ടില്‍ വിജയ് തോക്ക് നല്‍കുന്ന സീന്‍ ശിവകാര്‍ത്തികേയന്‍ സൂപ്പര്‍ സ്റ്റാര്‍ പട്ടം കൈമാറ്റം ചെയ്യുന്നതാണെന്നും തമിഴ് സിനിമാലോകത്ത് സംസാരമുണ്ട്.
 
 അതിനാല്‍ തന്നെ ശിവകാര്‍ത്തികേയന്റെ അവസാനമായി പുറത്തിറങ്ങിയ അമരന്‍ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും ഇതിനോട് ചേര്‍ത്താണ് വായിക്കുന്നത്. സിനിമ പുറത്തിറങ്ങി 5 ദിവസത്തില്‍ തന്നെ സിനിമ 73.75 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. വരും ആഴ്ചകളിലും സിനിമ തിയേറ്ററുകളില്‍ ഉണ്ടാവുമെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ് നാട്ടില്‍ നിന്ന് മാത്രമായി 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചേക്കും. ഇതോടെ അജിത്, വിജയ്,രജനീകാന്ത്,കമല്‍ഹാസന്‍ എന്നിവരല്ലാതെ തമിഴ്നാട്ടില്‍ നിന്ന് മാത്രം 100 കോടി തികയ്ക്കുന്ന ഒരേയൊരു താരമായി ശിവകാര്‍ത്തികേയന്‍ മാറും.
 
 അങ്ങനെയെങ്കില്‍ നിലവില്‍ ബിഗ് ഫോര്‍ താരങ്ങളുള്ള ലീഗില്‍ അഞ്ചാമനായി എത്താന്‍ ശിവകാര്‍ത്തികേയനാകും. വിജയ് ഒഴിച്ചിടുന്ന സിംഹാസനത്തിലേക്ക് ഓടികയറുക ശിവകാര്‍ത്തികേയന് എളുപ്പമല്ലെങ്കിലും കുടുംബപ്രേക്ഷകരെ കൂടി ആകര്‍ഷിക്കാന്‍ കഴിവുള്ള ശിവകാര്‍ത്തികേയന് തന്റെ താരമൂല്യം ഉയര്‍ത്താനാവുമെന്ന് ഉറപ്പാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍