‘എന്റെ അച്ഛൻ വരെ അത് ഞാനാണെന്ന് കരുതി, തിരുത്തി ഒരു പരുവമായി’- മാമാങ്കം ഫസ്റ്റ് ലുക്ക് സുധീറിനു കൊടുത്ത പണി !

ചൊവ്വ, 11 ജൂണ്‍ 2019 (09:26 IST)
പഴശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഒരു ചരിത്രവേഷം ചെയ്യുന്ന ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പള്ളിയുടെ നിർമാണത്തിൽ പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയും ഉണ്ണിമുകുന്ദനുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. 
 
എന്നാല്‍ ഫസ്റ്റ് ലുക്ക് ഇറങ്ങിയതിന് പിന്നാലെ പോസ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഉള്ളത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ വിളിക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സുധീര്‍. സ്വന്തം അച്ഛന്‍ പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ചെന്നും അതിനാലാണ് ഈ വിശദീകരണമെന്നും സുധീര്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുധീര്‍ ഇക്കാര്യം പറഞ്ഞത്. 
 
‘ഇന്നലെ മുതല്‍ എനിക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തി കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന്‍ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്‌ക്കൊപ്പമുള്ളത്.
 
‘രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛന്‍ പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങള്‍. അതുകൊണ്ടാണ് ഇങ്ങിനെ ലൈവില്‍ വന്നത്. ഞാനും മാമാങ്കം സിനിമയുടെ ഭാഗമാണ്. ചിത്രത്തില്‍ തെറ്റില്ലാത്തൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു.’ സുധീര്‍ വീഡിയോയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍